പൊന്നാനി: അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന പെരുമ്പടപ്പ് പഞ്ചായത്തിന്റെ പുതിയ ഗ്രാമ സെക്രേട്ടറിയറ്റിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. നാലു നിലകളിലായുള്ള കെട്ടിടത്തിന്റെ മൂന്ന് നില പൂർത്തിയായി. അവസാന നിലയാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
പഞ്ചായത്തിന്റെ തനത് ഫണ്ട് ഉൾപ്പെടെ വിവിധ ഫണ്ടുകൾ ഏകോപിച്ച് 1.89 കോടി ചെലവിലാണ് മൂന്ന് നില പൂർത്തിയാക്കിയത്. നാലാം നിലയുടെ നിർമാണപ്രവൃത്തി, ലിഫ്റ്റ്, ഇന്റർലോക്ക്, ചുറ്റുമതിൽ തുടങ്ങിയവക്കായി 1.15 കോടി രൂപകൂടി വകയിരുത്തിയിട്ടുണ്ട്. സർക്കാർ ഏജൻസിയായ എഫ്.ആർ.ബി.എല്ലിനാണ് നിർമാണ ചുമതല. സേവനം തേടി പഞ്ചായത്തിലെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുക, പഞ്ചായത്ത് പരിധിയിലെ സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്രാമ സെക്രേട്ടറിയറ്റ് നിർമിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻ.ആർ.ഇ.ജി.എസ്), കുടുംബശ്രീ, ഹരിത കർമസേന ഓഫിസ്, എ.ഇ ഓഫിസ്, സംയോജിത ശിശുവികസന സേവന പദ്ധതി (ഐ.സി.ഡി.എസ്) തുടങ്ങിയ ഓഫിസുകൾ പുതിയ കെട്ടിടത്തിൽ ക്രമീകരിക്കും. നിർമാണപ്രവൃത്തി നവംബറോടെ പൂർത്തീകരിക്കുമെന്നും ഇതോടെ ആവശ്യങ്ങൾക്ക് വിവിധ ഓഫിസുകൾ തേടിയലയേണ്ട അവസ്ഥക്ക് പരിഹാരമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ പറഞ്ഞു. നിലവിൽ പുത്തൻപള്ളി ആശുപത്രിക്ക് പിറകിെല താൽക്കാലിക കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.