നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ പൊ​ന്നാ​നി ക​ർ​മ​പാ​ലം

പൊന്നാനി കർമ പാലം നിർമാണം അവസാനഘട്ടത്തിൽ

പൊന്നാനി: വിനോദസഞ്ചാര രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കർമ പാലത്തിന്റെ നിർമാണപ്രവൃത്തി അവസാനഘട്ടത്തിൽ. പുഴയോരപാതയായ കര്‍മ റോഡിനെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച്‌ കനോലി കനാലിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. കോൺക്രീറ്റിങ്ങും 10 സ്ലാബുകളുടെ പ്രവൃത്തിയും പൂർത്തിയായി. നടപ്പാതയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ഹാൻഡ് റെയിൽ, ടാറിങ്, പെയിന്‍റിങ് എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്.

കാലാവസ്ഥ അനുകൂലമായാൽ ഒന്നര മാസംകൊണ്ട് പൂർത്തീകരിക്കാനാകും. അപ്രോച്ച് റോഡും െഡ്രയിനേജും ചമ്രവട്ടം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി നിർമാണവും പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള പദ്ധതി സമർപ്പിച്ചു. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡാണ് ഉണ്ടാവുക. ഇേതാടനുബന്ധിച്ച് 520 മീറ്റർ ഹാർബർ റോഡ് നവീകരിക്കും.

330 മീറ്റര്‍ നീളത്തില്‍ ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പള്ളിക്കടവിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിര്‍മാണം. പാലത്തിന്റെ മധ്യത്തിൽ 45 മീറ്റർ വീതിയും ആറ് മീറ്റർ ഉയരവുമുണ്ടാകും.കനോലി കനാലിലൂടെയുള്ള ബോട്ട് സർവിസുകൾക്ക് തടസ്സമാകാത്ത തരത്തിലാണ് മധ്യഭാഗത്തെ ഉയരം. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽകണ്ടാണ് പാലം നിർമിച്ചിരിക്കുന്നത്.

330 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒമ്പത് മീറ്റർ വീതിയുള്ള രണ്ടുവരി പാതയാണുണ്ടാകുക. ഇതിനോട് ചേർന്ന് ഒരുവശത്ത് രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ടാകും. 36.28 കോടി ചെലവഴിച്ചാണ് പാലവും അപ്രോച്ച് റോഡും ഒരുങ്ങുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാനും സഹായിക്കും.  

Tags:    
News Summary - Construction of Ponnani Karma Bridge is in final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.