പൊന്നാനി: കോഴിക്കോട് കടപ്പുറം മാതൃകയിൽ പൊന്നാനി കടപ്പുറത്ത് ബീച്ച് ടൂറിസം യാഥാർത്ഥ്യമാക്കാൻ മാരിടൈം ബോർഡ് പദ്ധതി തയാറാക്കുന്നു. കുട്ടികൾക്ക് കളിക്കാൻ സൗകര്യമൊരുക്കിയും സന്ദർശകർക്ക് ഇരിക്കാനും കടൽ കണ്ടാസ്വദിക്കാനും സൗകര്യം ചെയ്തും കഫ്ത്തീരിയകൾ സജ്ജമാക്കിയുമുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്.
ലൈറ്റ് ഹൗസ് മുതൽ മീൻ ചാപ്പകൾ നിന്നിരുന്ന സ്ഥലം വരെയുള്ള ഭാഗത്താണ് പദ്ധതി നടപ്പാക്കുക. നിലവിൽ തുറമുഖ വകുപ്പിന്റെ കൈവശമുള്ള സ്ഥലമാണിത്. മാരിടൈം ബോർഡ് നടപ്പാക്കുന്ന പദ്ധതിയായതിനാൽ സ്ഥലം കൈമാറേണ്ട സാങ്കേതിക തർക്കങ്ങൾ ഉണ്ടാകില്ല. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
കാർ പാർക്കിങിന് വിശാലമായ സൗകര്യമൊരുക്കും. ടേക്ക് എ ബ്രേക്ക് മാതൃകയിൽ സൗകര്യങ്ങളുണ്ടാകും. മീൻചാപ്പയോട് ചേർന്ന ഭാഗങ്ങളിലാണ് കുട്ടികൾക്ക് കളിക്കാൻ സൗകര്യമൊരുക്കുക. ലൈറ്റ് ഹൗസിനോട് ചേർന്ന ഭാഗത്താണ് ഇരിക്കാനും നടക്കാനുമുള്ള സൗകര്യം ഒരുക്കുക. പൊന്നാനിയുടെ ടൂറിസം വികസന രംഗത്ത് വൻ മുന്നേറ്റം സാധ്യമാക്കുന്ന പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും നിരവധി പേരാണ് പൊന്നാനി കടപ്പുറത്തേക്ക് എത്തുന്നത്. ആഘോഷ സമയങ്ങളിൽ ആയിരങ്ങളാണ് ഇവിടെ എത്താറുള്ളത്. നിർദ്ദിഷ്ട കപ്പൽ തുറമുഖ പദ്ധതിക്ക് ആവശ്യമായ സ്ഥലം മാറ്റിവെച്ചാണ് ബീച്ച് ടൂറിസത്തിനുള്ള സ്ഥലമെടുക്കുക. മാരിടൈം അധികൃതർ അടുത്ത ദിവസം പൊന്നാനി കടപ്പുറത്തെത്തി അന്തിമരൂപം തയാറാക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.