പൊന്നാനി: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നുപറയും പോലെയാണ് പൊന്നാനി താലൂക്ക് ആശുപത്രിയുടെ കാര്യങ്ങൾ. പുറമെ ടൈൽ വിരിച്ചും മനോഹരമായ ഗേറ്റ് സ്ഥാപിച്ചും ഒറ്റനോട്ടത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഏറെ. എന്നാൽ, പ്രതിദിനം ആയിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന ഇവിടത്തെ സ്റ്റാഫ് പാറ്റേൺ ആശുപത്രി സ്ഥാപിച്ച 1965ലേത്. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരോ അടിസ്ഥാനസൗകര്യമോ ഇല്ലാത്തതിനാൽ രോഗികൾ വലയുകയാണ്.
ആയിരത്തോളം ആളുകൾ എത്തുന്ന കാലത്തുപോലും രോഗികളെ പരിശോധിക്കാൻ വെറും രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. മിക്ക സമയങ്ങളിലും സൂപ്രണ്ട് ഉൾപ്പെടെ ഒ.പിയിലെത്തി പരിശോധിക്കേണ്ട സ്ഥിതിയാണ്. മഴക്കാലരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ദിനംപ്രതി ശരാശരി ആയിരത്തിലധികം രോഗികളാണ് ഒ.പിയിലെത്തുന്നത്. മണിക്കൂറുകളോളം കാത്തുനിന്നാണ് ഒ.പി ടിക്കറ്റ് ലഭിക്കുന്നത്. ഡോക്ടറെ കാണാനും മണിക്കൂറുകളോളം കാത്തുനിൽക്കണം.
1965ൽ ആശുപത്രിക്കനുവദിച്ച സ്റ്റാഫ് പാറ്റേൺതന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. 22 ഡോക്ടർമാർ വേണ്ടിടത്ത് 10 പേരാണ് ആകെയുള്ളത്. ദിനംപ്രതി ശരാശരി മൂന്ന് ഡോക്ടർമാർ കാഷ്വൽ അവധിയിലായിരിക്കും. രാത്രി ജോലിയിൽ ഉണ്ടാകുന്ന രണ്ട് ഡോക്ടർമാരുടെ സേവനം പകൽ ലഭിക്കുകയില്ല. ഈ കണക്ക് പ്രകാരം ആയിരത്തോളം രോഗികളെ ചികിത്സിക്കാൻ വെറും മൂന്നോ നാലോ ഡോക്ടർമാരാണ് ഉണ്ടാവുക. ഇതിൽ വാർഡ് പരിശോധനക്കും മറ്റുമായി പോകുന്ന ഡോക്ടർമാർ ഒഴിച്ചുനിർത്തിയാൽ രണ്ട് ഡോക്ടർമാരാണ് ഒ.പി വിഭാഗത്തിൽ തിരക്കേറിയ സമയത്തുണ്ടാവുക.
മാതൃ-ശിശു ആശുപത്രി യാഥാർഥ്യമായതോടെ ആറ് ഡോക്ടർമാർ അങ്ങോട്ടു മാറി. ഇതോടെ താലൂക്ക് ആശുപത്രിയിലെ പ്രവർത്തനങ്ങളും താളം തെറ്റി. അടിയന്തരമായി അഞ്ച് താൽക്കാലിക ഡോക്ടർമാരെയെങ്കിലും നിയോഗിച്ചാൽ മാത്രമേ ജനങ്ങളുടെ പ്രയാസം ദൂരീകരിക്കാനാവൂ.
താലൂക്കിലെ മിക്കവരും ആശ്രയിക്കുന്ന ആശുപത്രിയിൽ സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്ന ആവശ്യവും ശക്തമാണ്. മുപ്പതിലേറെ ഡോക്ടർമാർ ഒരേസമയം സേവനമനുഷ്ഠിച്ചാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ. മോർച്ചറിയിലെ ഫ്രീസർ മാറ്റണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.
പഴപ്പോഴും ജനറേറ്റർ പ്രവർത്തനരഹിതമാകുമ്പോൾ ടോർച്ച് തെളിച്ച് ശസ്ത്രക്രിയ നടത്തേണ്ട ഗതികേടിലാണ് ഡോക്ടർമാർ. ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാനായി പഴയ കെട്ടിടം പൊളിച്ചുനീക്കിയെങ്കിലും പുതിയ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങളും ഇഴഞ്ഞുനീങ്ങുകയാണ്. ആശുപത്രിയുടെ പുരോഗതിക്കായി പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഏറെയുണ്ടെങ്കിലും ഒച്ചിഴയും വേഗമാണ് പ്രവർത്തനങ്ങൾെക്കന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.