പൊന്നാനി: പൊന്നാനി തുറമുഖ മണലെടുപ്പിന്റെ പേരിൽ മണൽ വാരുന്നത് ഭാരതപ്പുഴയുടെ കരയിൽനിന്ന്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ലാതായതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. പൊന്നാനി അഴിമുഖത്ത് കെട്ടിക്കിടക്കുന്നത് നീക്കം ചെയ്യാനാരംഭിച്ച മണലെടുപ്പാണ് ഇപ്പോൾ ഭാരതപ്പുഴയുടെ കരയിൽനിന്ന് നടക്കുന്നത്. കുറ്റിക്കാട് ബലിതർപ്പണ കടവിൽനിന്നുൾപ്പെടെ മണലെടുപ്പ് നടക്കുന്നതും ഭീഷണിയായി മാറിയിട്ടുണ്ട്.
കരയിൽനിന്ന് 500 മീറ്റർ ദൂരെ പുഴയിൽനിന്ന് മാത്രമെ മണലെടുക്കാനാവൂവെന്ന നിർദേശം നിലനിൽക്കെയാണ് കർമ റോഡിനും സംരക്ഷണഭിത്തിക്കും ഭീഷണിയായി മണലെടുപ്പ് തുടരുന്നത്. ഭാരതപ്പുഴയുടെ കരയിൽനിന്ന് മണൽ വാരരുതെന്ന് പലതവണ തൊഴിലാളികളോടും തൊഴിൽ സംഘടന നേതാക്കളോടും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കരയിൽ നിന്നുള്ള മണലെടുപ്പ് അമിതമായതോടെ പുഴയിൽ അപകട ചാലുകൾ വർധിച്ചിട്ടുണ്ട്. നഗരസഭ ചെയർമാനും പോർട്ട് അധികൃതർക്കും പരാതി നൽകിയിട്ടും, മണലെടുപ്പ് യഥേഷ്ടം തുടരുന്നു. മണലെടുപ്പ് മൂലം സമീപ പ്രദേശത്തെ വീടുകളിലെ കിണർ വെള്ളമെല്ലാം ഉപ്പ് കലർന്ന് ഉപയോഗ ശൂന്യമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.