പൊന്നാനി: പൊന്നാനി കർമ റോഡരികിലെ റവന്യൂ ഭൂമി കൈയേറിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനം. ജില്ല കലക്ടറുടെ നിർദേശ പ്രകാരം പൊന്നാനി തഹസിൽദാരുടെ ചേംബറിൽ തിരൂർ സബ് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. താലൂക്ക് സർവേ വിഭാഗം നേരത്തെ തയാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിൽ പുഴ പുറമ്പോക്ക് ഭൂമിയിൽ കൈയേറ്റം നടത്തിയവരുടെ വിവരം ശേഖരിക്കാൻ വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്തി.
പൊന്നാനി, ഈഴുവത്തിരുത്തി വില്ലേജ് പരിധികളിൽ കൈയേറ്റം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ പഴയ സർവേ കല്ലുകൾ കണ്ടെത്താനും അനധികൃത കൈയേറ്റം നടത്തിയവരെ ഒഴിപ്പിക്കാനും സർവേ സംഘത്തെ നിയോഗിക്കാൻ നിർദേശം തയാറാക്കി ജില്ല കലക്ടർക്ക് സമർപ്പിക്കാനും തീരുമാനിച്ചു.
പൊന്നാനി നിള ടൂറിസം ബ്രിഡ്ജ് മുതൽ ചമ്രവട്ടം കടവ് വരെയുള്ള ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തെരുവ് കച്ചവടക്കാരുൾപ്പെടെ വലിയ തോതിൽ കൈയേറ്റം നടത്തിയെന്നാണ് കണ്ടെത്തൽ.
പല തവണ കൈയറ്റം ഒഴിപ്പിക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടി ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് ജില്ല കലക്ടർ വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി ഒഴിപ്പിക്കൽ നടപടി നടത്താനും യോഗം ചേരാനും നിർദേശം നൽകിയത്. വീണ്ടെടുക്കുന്ന ഭൂമിയിൽ വികസന പദ്ധതികൾ നടത്താനും ആലോചനയുണ്ട്. അതേസമയം, റോഡരികിൽ കാലങ്ങളായി താമസിച്ച് വരുന്ന കുടുംബങ്ങൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.