പൊന്നാനി: ജില്ലയിലെ ഫിഷറീസ് ആസ്ഥാനമായ പൊന്നാനിയിൽ ഫിഷറീസ് കോംപ്ലക്സ് നിർമിക്കാൻ തീരുമാനം. പി. നന്ദകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപയും ഫിഷറീസ് വകുപ്പിന്റെ മൂന്നുകോടി രൂപയുമടക്കം നാല് കോടി ചെലവഴിച്ചാണ് കോംപ്ലക്സ് യാഥാർഥ്യമാവുക. ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള പഴയ ഐസ് പ്ലാന്റ് നിന്നിരുന്ന 60 സെന്റിലാണ് നിർമിക്കുക.
നിലവിൽ ഓഫിസുകൾ പ്രവർത്തിക്കുന്ന കോടതി സമുച്ചയത്തിന്റെ കാലപ്പഴക്കവും ഫിഷറീസ് ഓഫിസുകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്നതും ലക്ഷ്യമിട്ടാണ് ഫിഷറീസ് കോംപ്ലക്സ് നിർമിക്കാൻ തീരുമാനിച്ചത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, മത്സ്യഭവൻ, ക്ഷേമനിധി ഓഫിസ് തുടങ്ങിയവയാണ് കോംപ്ലക്സിൽ ഉണ്ടാവുക.
നിലവിൽ ഡി.ഡി ഓഫിസ് തകർച്ച ഭീഷണി നേരിടുന്ന കോടതി കെട്ടിടത്തിലാണ്. ശോചനീയമായ കെട്ടിടത്തിൽ ഏറെ പരിമിതികൾക്ക് നടുവിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന ഓഫിസിന്റെ അസൗകര്യം സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.