പൊന്നാനി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഒരുഭാഗത്ത്. കടലാക്രമണം വിതച്ച ദുരിതം മറുഭാഗത്ത്. സബ്സിഡി പോലും ലഭിക്കാതെ കുത്തനെ ഉയരുന്ന ഡീസൽ വില; ഇടക്കിടെയുണ്ടാകുന്ന കാലാവസ്ഥ മുന്നറിയിപ്പും. പ്രതീക്ഷകൾ അസ്തമിച്ച കാലത്തിലൂടെ കടന്നുപോകുമ്പോഴും വിദൂരമായ പ്രത്യാശയുടെ നേരിയ വെട്ടത്തിലാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്കിറങ്ങാൻ തയാറെടുക്കുന്നത്. 52 ദിവസത്തെ ട്രോളിങ് നിരോധനത്തിനൊടുവിലാണ് മറ്റൊരു ചാകരക്കാലം തേടി മത്സ്യബന്ധന ബോട്ടുകൾ ജൂലൈ 31ന് അർധരാത്രിയോടെ കടലിലിറങ്ങുക.
അറ്റകുറ്റപ്പണികൾക്കായി നേരത്തേയെടുത്ത കടം പോലും തിരിച്ചടക്കാനായില്ലെങ്കിലും സ്വർണം പണയപ്പെടുത്തിയും വലിയ തുക വായ്പയെടുത്തുമാണ് കടലിലേക്കിറങ്ങുന്നതിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്തുന്നത്. പെയിൻറടിച്ചും ചെറിയ രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തിയും ബോട്ടുകളുടെ കേടുപാടുകൾ തീർക്കുന്ന തിരക്കിലാണ് ഉടമകൾ. ഡീസലിന് ദിനേനയുണ്ടാകുന്ന വില വർധനക്ക് ആശ്വാസമായി സർക്കാർ സബ്സിഡി അനുവദിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കോവിഡിെൻറ പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങളോടെയാണ് മത്സ്യബന്ധനത്തിന് അനുമതി. യാനങ്ങള്‍ക്ക് രജിസ്ട്രേഷന് നമ്പറിെൻറ അടിസ്ഥാനത്തില്‍ ഒറ്റ ഇരട്ട അക്കം പാലിച്ച് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാം. പുറപ്പെടുന്ന സ്ഥലത്തുതന്നെ നിര്‍ബന്ധമായും തിരിച്ചെത്തണം. നിയന്ത്രിത മേഖലകളിലും മത്സ്യബന്ധനമാകാം. ഇവിടെ പിടിക്കുന്ന മത്സ്യങ്ങള്‍ അതത് സ്ഥലത്തുതന്നെ വില്പന നടത്തണം. പുറത്ത് പോകാന്‍ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ വഴി മാർക്കറ്റുകളിലെത്തിക്കാം. മത്സ്യ ലേലം പൂര്‍ണമായും ഒഴിവാക്കണം. തുറമുഖങ്ങളില്‍ ഹാര്‍ബര്‍ മാനേജ്മെൻറ് സൊസൈറ്റികളും ലാന്‍ഡിങ് സെൻററുകളില്‍ ജനകീയ കമ്മിറ്റികളും വില നിശ്ചയിക്കും.
ഒന്നരമാസം കരയിൽ നിർത്തിയിട്ടിരുന്ന ബോട്ടുകളുടെ എൻജിെൻറ പ്രവർത്തനക്ഷമത പരിശോധനയും ബോട്ടുകളിലേക്കാവശ്യമായ വലകളും മറ്റു ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ എത്തിക്കുന്ന പ്രവർത്തനങ്ങളുമായി തൊഴിലാളികൾ സജീവമായി. പൊന്നാനി ഹാർബറിൽ നിരവധി ബോട്ടുകളാണ് അവസാനഘട്ട മിനുക്കുപണികളിൽ ഏർപ്പെട്ടത്.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നാമമാത്രമായാണ് നടത്തിയത്. മത്സ്യങ്ങളുടെ പ്രജനനകാലവും പൂർത്തിയായതോടെ തീരക്കടലിലുൾപ്പെടെ മത്സ്യങ്ങൾ ധാരാളമുണ്ടാവുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിനായാണ് മിക്ക ബോട്ടുകളും കടലിലേക്കിറങ്ങുന്നത്. നിയന്ത്രണങ്ങളുണ്ടെങ്കിലും മറ്റൊരു പഞ്ഞമാസക്കാലത്തിന് അറുതിയായി സമൃദ്ധിയുടെ നാളുകൾ ഉണ്ടാവുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.