പൊന്നാനി: ഇൻ ബോർഡ് വള്ളത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ മത്സ്യത്തൊഴിലാളികളല്ലാത്തവരെയും സ്ത്രീകളെയും കുട്ടികളെയും കയറ്റി കടലിൽ ഉല്ലാസയാത്ര നടത്തിയവർക്കെതിരെ ശക്തമായ നടപടിയുമായി ഫിഷറീസ് വകുപ്പ്. ഖൈറാത്ത് എന്ന ഇൻബോഡ് വള്ളത്തിന്റെ കന്നി യാത്രയിലാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ യാത്ര ചെയ്തത്. കടലിൽ ഉല്ലാസയാത്ര പോയതിന് ഫിഷറീസ് വകുപ്പ് ഈ ബോട്ട് കസ്റ്റഡിയിലെടുക്കുകയും പിഴയായി രണ്ടു ലക്ഷം രൂപ ഈടാക്കുകയും ചെയ്തു. 280 എച്ച്.പി എൻജിൻ പവർ ഉള്ള ഇൻബോർഡ് വെള്ളത്തിന് കെ.എം.ആർ.എഫ് സെക്ഷൻ പ്രകാരമുള്ള പിഴയാണ് ഈടാക്കിയത്.
അനധികൃതമായി മത്സ്യബന്ധനം നടത്തിയതിനും മത്സ്യബന്ധന യാനം ഉല്ലാസയാത്രക്ക് ഉപയോഗിച്ചതിനുമെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു. കൂടാതെ താനൂർ കേന്ദ്രീകരിച്ച് നടത്തിയ കടൽ പട്രോളിങ്ങിൽ കരവലി നടത്തിയ ബോട്ട് കസ്റ്റഡിയിൽ എടുക്കുകയും അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തുകിട്ടിയ 5100 രൂപ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലത്തിൽ അടക്കുകയും ചെയ്തു.
വരും നാളുകളിൽ മറൈൻ എൻഫോഴ്സ്മെന്റ് കടൽ പട്രോളിങ് ശക്തമാക്കുകയും കെ.എം.എഫ്.ആർ സെക്ഷൻ പ്രകാരം അനധികൃത മത്സ്യബന്ധനം, മത്സ്യബന്ധന യാനത്തിൽ ഉല്ലാസയാത്രയ്ക്ക് പോകൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ ശക്തമായ നടപടിയെടുക്കുമെന്നും അസി. ഡയറക്ടർ ഓഫ് ഫിഷറീസ് ടി.ആർ. രാജേഷ് അറിയിച്ചു. പരിശോധനക്ക് മറൈൻ എൻഫോഴ്സ്മെന്റ് പൊലീസ് സമീറലി, റസ്ക്യൂ ഗാർഡുമാരായ ജാഫർ, മുസ്തഫ ബാബു, യൂനിസ്, റാസി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.