പൊന്നാനി: ഡീസൽ വിലവർധനയിൽ നട്ടെലൊടിഞ്ഞ മത്സ്യബന്ധന മേഖലക്ക് തുടർച്ചയായുണ്ടാകുന്ന കാലാവസ്ഥ മുന്നറിയിപ്പ് ഇരുട്ടടിയാകുന്നു. ഈ സീസണിലെ അവസാന ദിവസങ്ങളിൽ കടലിലിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും. ഇതിനിടെ, മത്സ്യലഭ്യത കുറഞ്ഞതോടെ രണ്ടുമാസമായി മിക്കബോട്ടുകളും തീരത്ത് വിശ്രമത്തിലാണ്. മത്സ്യബന്ധന മേഖലക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് കടൽക്കാറ്റും മത്സ്യലഭ്യതക്കുറവും ഡീസൽ വിലവർധനയും. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളും മത്സ്യമേഖലയിൽ ഡീസലിന് സബ്സിഡി നൽകുന്നുണ്ടെങ്കിലും കേരളത്തിലെ മത്സ്യബന്ധന യാനങ്ങൾക്ക് സബ്സിഡി ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
100 രൂപയിൽ താഴെ വിലയുള്ള മത്സ്യങ്ങൾ മാത്രം ലഭിക്കുന്നതിനാൽ നഷ്ടക്കണക്കുകൾ മാത്രമാണ് തീരത്തിന് പറയാനുള്ളത്. മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടുകൾ തിരിച്ചെത്തുമ്പോഴേക്കും 50,000 രൂപയോളമാണ് ഇന്ധന ചെലവിന് മാത്രമായി മാറ്റിവെക്കേണ്ടി വരുന്നത്. വലിയ ബോട്ടുകൾ ദിവസങ്ങളോളം കടലിൽ തങ്ങിയാണ് മീൻ പിടിക്കുന്നത്. പലപ്പോഴും ഇന്ധന ചെലവുപോലും തിരികെപ്പിടിക്കാൻ കഴിയാതെ ലക്ഷങ്ങളുടെ കടബാധ്യതയാണ് ഇവർക്കുണ്ടാകുന്നത്.
കഴിഞ്ഞ വർഷം ട്രോളിങ് നിരോധനം കഴിഞ്ഞതിനുശേഷം പലപ്പോഴായി കടൽ പ്രക്ഷുബ്ദമായതിനാലും കാലാവസ്ഥ മുന്നറിയിപ്പ് മൂലവും ബോട്ടുകൾ മിക്കപ്പോഴും തീരത്ത് തന്നെ കെട്ടിയിടുകയായിരുന്നു. ഇതോടെ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളിൽ പലപ്പോഴും ആളൊഴിഞ്ഞ പ്രതീതിയാണ്.
ബോട്ടുകളിൽ തൊഴിലെടുത്ത് ഉപജീവനം തേടുന്നവർക്കും ജോലി കുറവായതിനാൽ ഇവരിൽ പലരും മറ്റു തൊഴിൽ മേഖല തേടുകയാണ്. കടലിലിറങ്ങുന്ന ബോട്ടുകൾക്ക് പേരിന് മാന്തളും ചെമ്മീനും മാത്രമാണ് ലഭിക്കുന്നത്. കൂടാതെ, ചെറുവള്ളങ്ങൾക്കും കടലിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കടം മേടിച്ചും വായ്പയെടുത്തും ബോട്ടുകൾ വാങ്ങിയവരാണ് ഏറെ പ്രതിസന്ധിയിലായത്. ആഴ്ചകൾക്ക് ശേഷം ട്രോളിങ് നിരോധനംകൂടി എത്തുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ദുരിതം ഇരട്ടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.