പൊന്നാനി: ജീവിത സായന്തനത്തിൽ വൃദ്ധസദനത്തിൽ കഴിയുന്നവരുടെ സാന്നിധ്യത്തിലാകണം വിവാഹമെന്ന നിരഞ്ജനയുടെ സ്വപ്നത്തിന് സാക്ഷാത്കാരം. നിയമസഭ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകൾ നിരഞ്ജനയാണ് തവനൂരിലെ വൃദ്ധസദനത്തിൽ വിവാഹിതയായത്. കൊട്ടും കുരവയുമില്ലാതെ താലിചാർത്തിയ ഇരുവർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാല കൈമാറി. ശ്രീരാമകൃഷ്ണൻ തലയിൽ കൈവെച്ച് അനുഗ്രഹിച്ചതോടെ നിരഞ്ജന പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. തിരുവനന്തപുരം പി.ടി.പി നഗർ വൈറ്റ്പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. തവനൂർ വൃദ്ധസദനത്തിലെ സ്ഥിരം സന്ദർശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും.
അന്തേവാസികൾക്ക് പുറമെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. വിവാഹം അമ്പലത്തിൽ വേണ്ട, വൃദ്ധസദനത്തിലെ അമ്മമാരുടെ മുന്നിൽ മതിയെന്നത് നിരഞ്ജനയുടെ തീരുമാനമായിരുന്നു.
കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്.ആർ വിഭാഗത്തിലാണ് നിരഞ്ജന ജോലി ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, കായിക മന്ത്രി വി. അബ്ദുറഹിമാൻ, എം.എൽ.എമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, പി. മമ്മിക്കുട്ടി, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, മുൻ എം.എൽ.എമാരായ വി. ശശികുമാർ, വി.കെ.സി. മമ്മദ് കോയ, ഐ.ജി പി. വിജയൻ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, പ്രഫ. എം.എം. നാരായണൻ, വി.പി. അനിൽ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് ഖാസിം കോയ, പൊന്നാനി മഖ്ദൂം എം.പി. മുത്തുകോയ തങ്ങൾ, പി.ടി. അജയ് മോഹൻ, അഷറഫ് കോക്കൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.