പൊന്നാനി: ഓരോ തവണയും ദുരന്ത മുഖത്ത് നിക്കുമ്പോൾ കടൽഭിത്തി നിർമിക്കുമെന്ന അധികൃതരുടെ പാഴ് വാക്ക് വിശ്വസിച്ച കടലോരവാസികൾക്ക്, ഈ കടലാക്രമണത്തിലും സ്വസ്ഥതയോടെ വീടുകളിൽ കിടന്നുറങ്ങാനാകില്ല. പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീര മേഖലയിൽ പുതുതായി ആകെ നിർമിച്ചത് 1,100 മീറ്റർ കടൽഭിത്തി.
പൊന്നാനി മണ്ഡലത്തിൽ കടൽഭിത്തി നിർമിക്കാൻ 10 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചെങ്കിലും ഇത് അപര്യാപ്തമാണെന്നാണ് ആക്ഷേപം. പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് പരിധിയിലെ പതിനൊന്ന് കിലോമീറ്ററിലധികം പരിധിയിൽ വെറും 1,100 മീറ്റർ ഭാഗമാണ് 10 കോടി ചെലവഴിച്ച് കടൽഭിത്തി നിർമിച്ചത്. ഇതിൽ പൊന്നാനി നഗരസഭ പരിധിയിൽ മരക്കടവ് മുതൽ അലിയാർ പള്ളി വരെയുള്ള 600 മീറ്റർ ഭാഗം, വെളിയങ്കോട് തണ്ണിത്തുറയിൽ 235 മീറ്റർ, പാലപ്പെട്ടിയിൽ 250 മീറ്റർ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. നിർമാണം പൂർത്തീകരിച്ച ഇടങ്ങളിൽ തന്നെ ചെറിയ കല്ലുകളിട്ടതിനാൽ ഇത് കടലാക്രമണത്തെ പ്രതിരോധിക്കാൻ പര്യാപ്തമല്ല.
കടലാക്രമണം രൂക്ഷമായി ബാധിക്കുന്ന എം.ഇ.എസ് കോളജിന് പിൻവശം, ഹിളർ പള്ളി പരിസരം, മുറിഞ്ഞഴി, മൈലാഞ്ചിക്കാട് ഭാഗങ്ങളിൽ കടൽഭിത്തിക്കായി ഇനിയും കാത്തിരിക്കേണ്ടി വരും. നേരത്തെയുണ്ടായ കടലാക്രമണങ്ങളിൽ ഈ ഭാഗത്തെ കല്ലുകളെല്ലാം മണ്ണിനടിയിലാണ്. ഇതിനാൽ വീണ്ടുമൊരു കടലാക്രമണമുണ്ടായാൽ വലിയ നാശ നഷ്ടമാകും സംഭവിക്കുക.
അതേസമയം, താലൂക്കിൽ പൂർണമായും ടെട്രാപോഡ് സംവിധാനത്തിൽ സുരക്ഷാ ഭിത്തി നിർമിക്കുന്നതിന് ചെല്ലാനത്ത് നിന്നുള്ള സാങ്കേതിക വിദഗ്ധർ പൊന്നാനി താലൂക്കിലെ തീരമേഖലകളിൽ പഠനം നടത്തിയിരുന്നു. ചിലയിടങ്ങളിൽ മാത്രമുള്ള കടൽഭിത്തി നിർമാണം കടലാക്രമണ സമയത്ത് കൂടുതൽ ദുരിതം വിതക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.