പൊന്നാനി/എടപ്പാൾ/മാറഞ്ചേരി: കാലവർഷം ആരംഭിച്ചപ്പോൾത്തന്നെ ശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങി പൊന്നാനി. പൊന്നാനി നഗരസഭയുടെ എല്ലാ മേഖലകളും വെള്ളത്തിനടിയിലായി. പൊന്നാനി വിജയമാത ഹൗസിങ് കോളനി, കുട്ടാട്, ചമ്രവട്ടം ജങ്ഷൻ, അഴീക്കൽ മേഖലയിൽ 75 ഓളം വീടുകളിൽ വെള്ളം കയറി. ഇതിൽ 50 ഓളം കുടുംബങ്ങൾ വീട് വിട്ടൊഴിഞ്ഞു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ കാനകൾ യഥാസമയം ശുചീകരിക്കാതിരുന്നതും മഴക്കാലപൂർവ ശുചീകരണം നടക്കാതിരുന്നതുമാണ് ദുരിതം വർധിക്കാനിടയായത്. പലയിടത്തും സ്വകാര്യ വ്യക്തികൾ വെള്ളം ഒഴുകിപ്പോകുന്ന വഴികൾ മതിൽ കെട്ടിയടച്ചതും ദേശീയപാത നിർമാത്തിന്റെ ഭാഗമായി കലുങ്കുകൾ നിർമിക്കാത്തതും ദുരിതം വർധിപ്പിച്ചു.
ആദ്യമഴയിൽ താഴ്ന്ന പ്രദേശങ്ങൾ മാത്രം വെള്ളത്തിൽ മുങ്ങിയിരുന്നിടത്ത് ഇപ്പോൾ ദേശീയ, സംസ്ഥാന പാതകൾ ഉൾപ്പെടെ വെള്ളത്തിനടിയിലാണ്. ചമ്രവട്ടം ജങ്ഷന്, ചന്തപ്പടി, കുറ്റിക്കാട്, ഹൗസിങ് കോളനി, കുട്ടാട്, തീരദേശ മേഖല തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. തൃക്കാവ് പ്രദേശവും ശക്തമായ മഴയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. പ്രധാനമായും താഴ്ന്ന പ്രദേശങ്ങളെയാണ് മഴ ബാധിച്ചത്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാത്തതാണ് പ്രദേശങ്ങളെല്ലാം വെള്ളത്തിലാകാന് പ്രധാന കാരണമായത്. കാലവര്‍ഷത്തിനൊപ്പം മേഘ വിസ്ഫോടനവും ചക്രവാതചുഴിയും ഒരുമിച്ചെത്തിയത് മഴ ശക്തമാകാനിടയായി. ഇതോടെ നിരവധിയിടങ്ങളില്‍ വെള്ളം കയറി. തീരദേശമേഖലയിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പൊന്നാനി നഗരസഭ കണ്ട്രോള് റൂം തുറന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാണെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
എടപ്പാളിൽ കനത്ത മഴയിൽ എടപ്പാൾ പൊൽപ്പാക്കരയിൽ മരം കടപുഴകി ലൈൻ കമ്പിയിലേക്ക് വീണ് ട്രാൻസ്ഫോർമർ നിലംപൊത്തി. ഇതോടെ പ്രദേശത്തെ വൈദ്യുതിയും ഗതാഗതവും മുടങ്ങി. ശനിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. മൂക്കുതല ഏർക്കര മനക്ക് സമീപം താമസിക്കുന്ന മുക്കിൽ വിനോദ്, പ്രസന്ന എന്നിവരുടെ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കിണർ ഇടിഞ്ഞത്. ശബ്ദം കേട്ട് വിനോദും ഭാര്യയും നോക്കിയപ്പോൾ കിണർ മുഴുവനായി ഇടിയുന്നതായി കണ്ടു. കിണറിന്റെ ചുറ്റുമതിലും മോട്ടോറും മോട്ടോർ പുരയും കിണറിലേക്ക് ഇടിഞ്ഞുവീണു. ഇവർ പുതുതായി നിർമിക്കുന്ന വീടിന്റെ തൊട്ടടുത്തുള്ള കിണറിടിഞ്ഞത് വീടിനും ഭീഷണിയായി. മണിക്കൂറുകളോളം നിർത്താതെ പെയ്ത മഴയിൽ പ്രദേശത്തെ പാടവും തോടും റോഡുകളും നിറഞ്ഞൊഴുകി. എടപ്പാളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. സംസ്ഥാന പാതയിൽ ചങ്ങരംകുളം മേഖലയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
മാറഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രി മുതൽ നിർത്താതെ പെയ്ത മഴയിൽ കുണ്ടുകടവ് ഗുരുവായൂർ ദേശീയപാതയിൽ പലയിടങ്ങളിലും വെള്ളം കയറി. എറമംഗലം താഴത്തേ പടിയിൽ തോടുകൾ നിറഞ്ഞു കവിഞ്ഞതോടെ മെയിൻ റോഡിലേക്കും അങ്ങാടിയിലെ കടകളിലേക്കും വെള്ളം കയറി. ഇതുവഴി ഗതാഗതം ഏറെനേരം ദുഷ്കരമായിരുന്നു. കാനകളുടെ വൃത്തിയാക്കൽ യഥാസമയം പൂർത്തിയാകാത്തതാണ് വെള്ളം റോഡിലേക്ക, ഒഴുകാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ജൽജീവൻ മിഷനായി നടത്തിയ നിർമാണ പ്രവർത്തനങ്ങൾ കാനകൾ മൂടാൻ കാരണമായിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും ഇവർ പറഞ്ഞു. മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന മാരാമുറ്റം പ്രദേശത്ത് പാടങ്ങൾ നിറഞ്ഞതോടെ സമീപ റോഡുകളിൽ വെള്ളം കയറി. വെളിയങ്കോട് മേഖലയിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച സർവിസ് റോഡുകളിൽ വെള്ളം കയറിയതോടെ യാത്ര ദുഷ്കരമായി. സർവിസ് റോഡുകൾക്ക് സമീപത്തുള്ള വീടുകളിലും വെള്ളം കയറി. പാലപ്പെട്ടി സാമിപ്പടിയിൽ ദേശീയപാത നിർമാണത്തിലിരിക്കുന്ന റോഡിൽ വെള്ളം ഒഴുകി പോകാത്തതിനാൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.