പൊന്നാനി: പേരിൽ എ ഗ്രേഡ് നഗരസഭ ആണെങ്കിലും സ്വന്തമായി ഹോമിയോ ഡിസ്പെൻസറി കെട്ടിടം പോലുമില്ലാത്ത ഗതികേടിലാണ് പൊന്നാനി നഗരസഭ.
കാലങ്ങളായി വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടമെന്നത് സ്വപ്നം മാത്രം. താലൂക്ക് ആശുപത്രിയും മാതൃ-ശിശു ആശുപത്രിയും പ്രൈമറി ഹെൽത്ത് സെന്ററും നിരവധി നഗരാരോഗ്യ ഉപകേന്ദ്രങ്ങളും രണ്ട് ആയുർവേദ ആശുപത്രിയും സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴും ഹോമിയോ ഡിസ്പെൻസറിക്ക് ശരണം വാടക കെട്ടിടമാണ്.
രോഗികൾ കോണിപ്പടികൾ കയറി വേണം ഡിസ്പെൻസറിയിലെത്താൻ. വേനൽകാലത്ത് അസഹ്യമായ ചൂടാണ് കെട്ടിടത്തിനകത്ത്. രണ്ട് ഷട്ടറുകളിൽ മാത്രമായി പരിമിത സൗകര്യത്തിലാണ് പ്രവർത്തനം. കൊല്ലൻപടിയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പെൻസറിയിലേക്ക് എത്തണമെങ്കിൽ രണ്ട് ബസുകൾ കയറേണ്ട ഗതികേടിലാണ് രോഗികൾ.
ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെയുള്ളത്. ഉള്ള ഡോക്ടർ തന്നെ പരിശീലനത്തിൽ പങ്കെടുക്കാനായി പോയതോടെ ഡിസ്പെൻസറി പ്രവർത്തനം താളംതെറ്റി. പുതിയ കെട്ടിടം നിർമിക്കാനായി പലതവണ നിവേദനം നൽകിയിട്ടും ഫലമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.