പൊന്നാനി: നഗരസഭയുടെ വിവിധയിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് നിയമലംഘകരെ വെളിച്ചത്തു കൊണ്ടുവരാനൊരുങ്ങി നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ നഗര പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു തുടങ്ങി. വാഹനാപകടം കുറക്കാനും മോഷ്ടാക്കളെ കുടുക്കാനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനും മാലിന്യം തള്ളൽ കണ്ടെത്താനുമാണ് നഗരത്തിലെ പ്രധാന കവലകൾ കേന്ദ്രീകരിച്ച് സി.സി.ടി.വി സ്ഥാപിക്കുന്നത്. പൊന്നാനി നഗരസഭയും പൊന്നാനി പൊലീസും സംയുക്തമായാണ് സി.സി.ടി.വി പ്രവർത്തനം നിയന്ത്രിക്കുക.
മാലിന്യ നിക്ഷേപം ഏറെയുള്ള പൊന്നാനി കടൽ തീരം എം.എൽ.എ റോഡ്, കർമ റോഡ് എന്നിവയുൾപ്പെടെ 30 ഇടങ്ങളിലാണ് രണ്ടു ഘട്ടങ്ങളിലായി കാമറകൾ സ്ഥാപിക്കുക. പതിനഞ്ച് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ എട്ട് ലക്ഷം രൂപ ചെലവിൽ 19 ഇടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. നഗരസഭയുടെ പ്രധാന കവലകളും മാലിന്യം തള്ളൽ ഇടങ്ങളും കേന്ദ്രീകരിച്ചാണ് സി.സി.ടി.വി സ്ഥാപിക്കുന്നത്. മാലിന്യം തള്ളുന്നവർ കാമറയിൽ പതിഞ്ഞാൽ കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. മുപ്പത് കാമറകൾ വിവിധയിടങ്ങളിൽ സ്ഥാപിക്കും. നഗരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.