പൊന്നാനി: നിരക്ക് വർധനയെച്ചൊല്ലി പഴയ കരാറുകാരുമായി പൊന്നാനി നഗരസഭ ഇടഞ്ഞതോടെ ഒന്നര വർഷമായി നിർത്തിവെച്ച പൊന്നാനി-പടിഞ്ഞാറെക്കര ജങ്കാർ സർവിസ് പുനരാരംഭിക്കുന്നു. വാഹനങ്ങളുൾപ്പെടെ കയറ്റിക്കൊണ്ടുപോകാവുന്ന തരത്തിലുള്ള ജങ്കാർ സർവിസ് ഏപ്രിൽ ഒന്നിന് പുനരാരംഭിക്കാനാണ് തീരുമാനം.
കൊച്ചിൻ ജങ്കാറിന്റെ കോഴിക്കോട് ചാലിയത്ത് സർവിസ് നടത്തുന്ന ജങ്കാറുകളിലൊന്നാണ് പൊന്നാനിയിലെത്തുന്നത്. വാർഷിക ഇനത്തിൽ 65,000 രൂപ നഗരസഭക്ക് നൽകണമെന്ന വ്യവസ്ഥയിലാണ് സർവിസ് ആരംഭിക്കുന്നത്. നേരത്തെ 60,000 രൂപയായിരുന്നു ലഭിച്ചിരുന്നത്. നേരത്തെ 10 രൂപ കാൽനടയാത്രക്കാർക്ക് നൽകിയിരുന്നത് 20 ആയി വർധിപ്പിച്ചു. വിദ്യാർഥികൾക്ക് അഞ്ച് രൂപ എന്ന നിരക്ക് തുടരും. ടൂവീലർ -40, ഓട്ടോറിക്ഷ -50, കാർ -70 മുതൽ 100 ഇങ്ങനെയാണ് നിരക്ക് ഈടാക്കുക.
വാഹന യാത്രികരും വിദ്യാർഥികളും വ്യാപാരികളും ഏറെ ആശ്രയിച്ചിരുന്ന ജങ്കാർ സർവിസിന് പകരമായി നഗരസഭ നടത്തിയിരുന്ന ബോട്ട് സർവിസ് അപകടകരമായ സാഹചര്യത്തിലാണ് മുന്നോട്ടുപോയത്. തുറമുഖവകുപ്പ് നടത്തിയ പരിശോധനയിൽ മതിയായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നഗരസഭയുടെ ബോട്ട് സർവിസ് നിർത്തിക്കുകയും പിഴയീടാക്കുകയും ചെയ്തിരുന്നു. യാത്രാക്ലേശം പരിഹരിക്കാൻ ഉടൻ ജങ്കാർ സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.