പൊന്നാനി: കോർപറേഷനുകളുടേയും നഗരസഭകളുടേയും സേവനങ്ങൾ പൂർണമായി ഡിജിറ്റലൈസ് ആക്കാൻ പുതുവർഷം മുതൽ ആവിഷ്കരിച്ച കെ-സ്മാർട്ട് പദ്ധതിയിൽ തുടക്കത്തിൽ തന്നെ കല്ലുകടി.
തദ്ദേശസ്ഥാപനങ്ങളിലെ 469 സേവനങ്ങൾ പൂർണമായും കെ-സ്മാർട്ട് സോഫ്റ്റ് വെയർ വഴി സജ്ജമാക്കാൻ തീരുമാനിച്ചെങ്കിലും അഞ്ച് ദിവസം പിന്നിട്ടിട്ടും നൽകാനാവുന്നത് ഇരുനൂറോളം സേവനങ്ങൾ മാത്രം. പഴയ ഡാറ്റകൾ പോസ്റ്റ് ചെയ്യാനുള്ള താമസമാണ് പദ്ധതി അവതാളത്തിലാക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 27 മുതൽ പുതിയ അപേക്ഷ സ്വീകരിക്കുന്നത് നിർത്തിയിരുന്നു. ജനുവരി ഒന്ന് വരെ പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. അപേക്ഷ ഓൺലൈനായി നൽകിയാൽ കെട്ടിട നിർമാണാനുമതി, ജനന-മരണ രജിസ്ട്രേഷൻ, ഇ-മെയിലായും വാട്സ്ആപ്പിലൂടെയും സർട്ടിഫിക്കറ്റുകൾ, ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ, സംരംഭക ലൈസൻസ് തുടങ്ങിയ സേവനങ്ങൾ കെ-സ്മാർട്ട് ആപ്പിലൂടെ ഉടൻ ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അപേക്ഷ സമർപ്പിക്കുന്നത് മുതൽ സർട്ടിഫിക്കറ്റോ സേവനമോ ലഭിക്കുന്നത് വരെ ഒന്നിനും തദ്ദേശ സ്ഥാപനങ്ങളെ ആശ്രയിക്കേ
ണ്ടതില്ല. കെ-സ്മാർട്ട് സിറ്റിസൺ വെബ് പോർട്ടൽ വഴി ലോഗിൻ ചെയ്ത് സേവനങ്ങൾക്കുള്ള അപേക്ഷ ഓൺലൈൻ മുഖേന നൽകാനാണ് നിർദേശം. എസ്.എം.എസ് വഴിയും വെബ് സൈറ്റ് വഴിയും മറുപടി ലഭിക്കും. ജനുവരി ഒന്ന് മുതൽ കടലാസിലുള്ള ഒരു അപേക്ഷയും സ്വീകരിക്കില്ല.
വെബ് സൈറ്റ് വഴിയും ഓൺലൈൻ സേവനകേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോണിൽ കെ-സ്മാർട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്തുമാണ് ഇനി എല്ലാ അപേക്ഷയും സമർപ്പിക്കേണ്ടത്. അടക്കേണ്ട തുക, ഡിമാൻഡ് ഡ്രാഫ്റ്റ് നമ്പർ, പേയ്മെന്റ് ലിങ്ക് എന്നിവ അപേക്ഷകന്റെ രജിസ്ട്രേഡ് മൊബൈൽ നമ്പറിൽ ലഭ്യമാവും. ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയവ ഉപയോഗിച്ചാണ് പണമടക്കേണ്ടത്. ഏറെ ഗുണകരമായ പദ്ധതിയാണ് തുടക്കത്തിലേ താളം തെറ്റുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.