പൊന്നാനി: മുൻമന്ത്രി ഇ.കെ. ഇമ്പിച്ചി ബാവയുടെ ഭാര്യ ഫാത്തിമ ഇമ്പിച്ചിബാവയുടെ അനുഗ്രഹം തേടി പൊന്നാനി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസ. വെള്ളിയാഴ്ച രാവിലെയാണ് സ്ഥാനാർഥി സി.പി.എം നേതാക്കൾക്കൊപ്പം ഫാത്തിമ ഇമ്പിച്ചിബാവയുടെ വീട്ടിലെത്തിയത്. പൊന്നാനി നിളയോരപാതയിലെ പ്രഭാത സവാരിക്കാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിച്ചാണ് പൊന്നാനിയിൽ പ്രചാരണം തുടങ്ങിയത്.
പൊന്നാനി വലിയ ജുമുഅത്ത് പള്ളി, തൃക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലെ സന്ദർശനശേഷം പൊന്നാനി മരക്കടവിൽ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പൊന്നാനി പലഹാരമായ മുട്ടപ്പത്തിരി കഴിച്ചു. അങ്ങാടി, കൊല്ലൻപടി പ്രദേശങ്ങളിലും നഗരസഭ പ്രദേശത്തെ പ്രമുഖ വ്യക്തികളായ കെ.എം. മുഹമ്മദ് കാസിം കോയ, കൊളാടി ഗോവിന്ദൻകുട്ടി എന്നിവരുടെ വസതികളിലും സന്ദർശനം നടത്തി അനുഗ്രഹാശിസ്സുകൾ വാങ്ങിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്.
സ്ഥാനാർഥിയോടൊപ്പം പി. നന്ദകുമാർ എം.എൽ.എ, അജിത് കൊളാടി, പി. ഖലീമുദ്ദീൻ, സി.പി. മുഹമ്മദ് കുഞ്ഞി, പി.വി. അയ്യൂബ്, എ.കെ. ജബ്ബാർ, ആറ്റുണ്ണി തങ്ങൾ, ടി.എം. സിദ്ദീഖ്, ടി. സത്യൻ എന്നിവരെക്കൂടാതെ വിവിധ പ്രദേശങ്ങളിലെ പ്രാദേശിക നേതാക്കളും അനുഗമിച്ചു.
പൊന്നാനിയിലെ ജനങ്ങൾ ആവേശോജ്ജ്വലമായ സീകരണമാണ് നൽകുന്നത്. ആളുകൾ മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ടെന്ന് സ്ഥാനാർഥി കെ.എസ്. ഹംസ മാധ്യമങ്ങളോട് പറഞ്ഞു.
വൈകീട്ട് പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ റോഡ് ഷോ നടന്നു. മാറഞ്ചേരിയിൽനിന്ന് തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോക്ക് കരിങ്കല്ലത്താണി, കുണ്ടുകടവ്, കെ.കെ ജങ്ഷൻ, ചന്തപ്പടി, കോടതിപ്പടി, ബസ് സ്റ്റാൻഡ്, പുതുപൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി, പെരുമ്പടപ്പ് പാറ, എരമംഗലം, മൂക്കുതല, ചങ്ങരം കുളം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
മലപ്പുറം: 1980ൽ കേരളത്തിൽ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടന്നത്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് (യു) എന്നറിയപ്പെട്ട ആന്റണി വിഭാഗം കോൺഗ്രസ് അന്ന് ഇടതുചേരിയിലായിരുന്നു. പൊന്നാനിയിൽ മുസ്ലിംലീഗിലെ ജി.എം. ബനാത്ത് വാലക്കെതിരെ മത്സരിച്ചത് ഇവരുടെ മുതിർന്ന നേതാവും നിലമ്പൂർ എം.എൽ.എയുമായിരുന്ന ആര്യാടൻ മുഹമ്മദ്. 50,863 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബനാത്ത് വാലയുടെ വിജയം.
നിലമ്പൂരിൽനിന്ന് ആര്യാടൻ മാറിയ സാഹചര്യത്തിൽ നിയമസഭ സ്ഥാനാർഥിയായി എത്തിയത് പൊന്നാനിക്കാരൻ സി. ഹരിദാസ്. ആര്യാടന്റെ അഭ്യർഥന പ്രകാരമാണ് ഹരിദാസ് സ്ഥാനാർഥിക്കുപ്പായമിട്ടത്. എതിരാളി അന്നത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റും ഇപ്പോൾ സി.പി.എം നേതാവുമായ ടി.കെ. ഹംസ. 6423 വോട്ട് ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് (യു) പാർട്ടിക്കായി സി. ഹരിദാസ് നിലമ്പൂർ നിലനിർത്തി.
എന്നാൽ, കാത്തിരുന്നത് മറ്റൊരു നിയോഗം. പൊന്നാനിയിൽ ബനാത്ത് വാലയോട് തോറ്റ ആര്യാടനെ, ഇ.കെ. നായനാർ മന്ത്രിസഭയിലെടുത്തു, തൊഴിൽ-വനംവകുപ്പ് മന്ത്രിയാക്കി. 1980 ജനുവരി 24ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത, ഹരിദാസിന് നിലമ്പൂർ വിട്ടുകൊടുക്കേണ്ടിയും വന്നു. ഹരിദാസ് പത്താം നാൾ എം.എൽ.എ സ്ഥാനം രാജിവെച്ച ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ ആര്യാടൻ വീണ്ടും നിയമസഭയിൽ.
ഹരിദാസിനെ പാർട്ടി സാന്ത്വനിപ്പിച്ചത് ആ വർഷം ഏപ്രിലിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് നൽകിയായിരുന്നു. വെറും പത്തു ദിവസം മാത്രമാണ് ഹരിദാസ് നിയമസഭാംഗമായിരുന്നത്. നാലുമാസത്തിനിടെ എം.എൽ.എയും എം.പിയുമായി തെരഞ്ഞെടുക്കപ്പെട്ട റെക്കോർഡ് സി. ഹരിദാസിന് സ്വന്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.