പൊന്നാനി: വർഷങ്ങളായി താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി ഓഫിസുകൾ കയറിയിറങ്ങിയവർക്ക് ആശ്വാസമേകുന്ന നടപടികൾ അതിവേഗം പുരോഗമിക്കുന്നു. കാലങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പ് കൽപ്പിക്കാനൊരുങ്ങുകയാണ് റവന്യൂ വകുപ്പ്. 2022 ഡിസംബർ 31 വരെ ലഭിച്ച പട്ടയ ഫയലുകൾക്ക് പരിഹാരം കാണുന്ന നടപടികളാണ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നത്. തീരദേശ മേഖലയിലെ സുനാമി പട്ടയം, ദേശീയപാത പുറമ്പോക്ക് പട്ടയം, ലക്ഷംവീട് കോളനി പട്ടയം, ഫിഷർമെൻ പട്ടയം എന്നിവയിലാണ് തീർപ്പ് കൽപ്പിക്കാനൊരുങ്ങുന്നത്.
വെളിയങ്കോട് പഞ്ചായത്തിൽ 40 തീരദേശ മേഖലയിലെ സുനാമി പട്ടയം, കാലടി ഗ്രാമപഞ്ചായത്തിൽ 12 ദേശീയപാത പുറമ്പോക്ക് പട്ടയം, താലൂക്കിലെ വിവിധയിടങ്ങളിലായി 256 ലക്ഷം വീട് കോളനി പട്ടയം, 73 ഫിഷർമെൻ പട്ടയങ്ങൾ എന്നിവയുടെ പ്രാഥമിക പരിശോധന പൂർത്തിയായതായി തഹസിൽദാർ പറഞ്ഞു.
ഫീൽഡ് സർവേ പൂർത്തീകരിച്ച് അന്തിമ പരിശോധന കഴിഞ്ഞാലുടൻ അതത് കുടുംബങ്ങൾക്ക് പട്ടയം നൽകാനാണ് തീരുമാനം. പട്ടയമേളയിലും, പഞ്ചായത്ത് തല അദാലത്തിലും ലഭിച്ച പരാതികൾക്കുൾപ്പെടെയാണ് പരിഹാരം കാണുന്നത്. താലൂക്ക് തലത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന ഫയലുകളിൽ ഉടൻ തീർപ്പ് കൽപ്പിക്കുകയും, ലാൻറ് ട്രിബ്യൂണൽ വഴി പരിഹരിക്കേണ്ടതും, ജില്ല കലക്ടർ തീർപ്പാക്കേണ്ടതുമായ ഫയലുകൾ തുടർ നടപടികൾക്കായി നൽകുകയും ചെയ്യും. ഇതിനകം തന്നെ നിലവിലുള്ള ഫയലുകൾ കമ്പ്യൂട്ടർവൽക്കരിച്ച് കഴിഞ്ഞു. അദാലത്തിൽ പരാതിക്കാർക്ക് നൽകിയ രശീതി ഉപയോഗിച്ച് തുടർനടപടികളുടെ സ്ഥിതി മനസിലാക്കാനുംസാധിക്കുന്നുണ്ട്. കാലങ്ങളായി പട്ടയത്തിനപേക്ഷിച്ച് നിരവധി പേരാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.