പൊന്നാനി: പൊന്നാനിയിൽ മൂന്നുപേർക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. ആരോഗ്യപ്രവർത്തകർ ഗൃഹസന്ദർശനം നടത്തി 388 രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. റാപ്പിഡ് പരിശോധനയിൽ പുതിയ കേസുകൾ കണ്ടെത്തിയിട്ടില്ല.
രക്തപരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച് 1.എൻ1 പ്രതിരോധത്തിന്റെ ഭാഗമായി പ്രദേശത്ത് പനി സർവേ ആരംഭിച്ചു. സമ്പർക്കത്തിലുള്ളവർക്ക് പ്രതിരോധ മരുന്ന് നൽകും. പ്രദേശത്തുള്ളവർ മാസ്ക് ധരിക്കണം. മലമ്പനി പ്രതിരോധ പ്രവർത്തനം-പുരോഗതി അവലോകനം ചെയ്യുന്നതിന് അടിയന്തര യോഗം ചേർന്നു. അതേസമയം നഗരസഭ പ്രദേശത്ത് മലമ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയും ആരോഗ്യവകുപ്പും വെക്ടർ കൺട്രോൾ യൂനിറ്റും സംയുക്തമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് വകുപ്പുതല മേധാവികളുടെ അടിയന്തര യോഗവും ചേർന്നു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന ഉറവിട നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തീരുമാനിച്ചു. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാനും രാത്രിയിലും സന്ധ്യാസമയത്തും വീടുകൾ കേന്ദ്രീകരിച്ച് ജൈവകൊതുകുനാശിനി സ്പ്രേ ചെയ്യാനും രക്തപരിശോധന ഊർജിതമാക്കാനും തീരുമാനിച്ചു.
വാർഡ് അഞ്ചിന് പുറമെ സമീപവാർഡുകളായ നാല്, ആറ്, ഏഴ്, 31 എന്നിവയിലും വീടുകൾ സന്ദർശിച്ച് രക്തം പരിശോധിച്ച് രോഗ നിർണയം നടത്തും. വാർഡുതലത്തിൽ ആരോഗ്യ ജാഗ്രത സമിതിയുടേയും സാനിറ്റേഷൻ കമ്മിറ്റിയുടേയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി ശുചിത്വ ജാഗ്രത നിർദേശങ്ങൾ നൽകാനും ഇതര സംസ്ഥാന തൊഴിലാളികൾക്കായി രക്തപരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
മഴയുടെ തീവ്രത കുറയുന്ന മുറക്ക് ഫോഗിങ് നടത്താനും ഇതിന്നാവശ്യമായ ഫോഗിങ് മെഷിനുകൾ വാങ്ങാനും യോഗത്തിൽ ധാരണയായി. ജില്ല സർവൈലൻസ് ഓഫിസർ ഡോ. സി. ഷുബിൻ, ടെക്കനിക്കൽ അസി. സി.കെ. സുരേഷ് കുമാർ, ബയോളജിസ്റ്റ് മുജീബ്, എപ്പിഡോമോളജിസ്റ്റ് കിരൺ രാജ്, ഹെൽത്ത് സൂപ്പർവൈസർമാരായ സി.ആർ. ശിവപ്രസാദ്, വിൻസെന്റ് സിറിൽ, ഹെൽത്ത് ഇൻസ്പെകർ എൻ. അബ്ദുൽ ജലീൽ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.