പൊന്നാനി: സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ട് ബോട്ട് ബിൽഡിങ് യാർഡുകളിൽ ഒന്ന് പൊന്നാനിയിൽ നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയതോടെ ബോട്ടുടമകൾ പ്രതിസന്ധിയിൽ. പൊന്നാനിയിൽ ബോട്ട് നിർമാണശാല നിർമിക്കുമെന്ന് മുൻ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രഖ്യാപിക്കുകയും ബജറ്റിൽ തുക വകയിരുത്തുകയും ചെയ്തെങ്കിലും പദ്ധതി പാതിവഴിയിൽ മുടങ്ങി. പൊന്നാനി ഫിഷിങ് ഹാർബറിനോട് ചേർന്ന പത്തേക്കർ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരുന്നത്. ഇതിന്റെ ഭാഗമായി ഹാർബറിൽ വർക് ഷോപ്പ് ക്വാർട്ടേഴ്സും നിർമിച്ചിരുന്നു. ക്വാർട്ടേഴ്സ് ഇപ്പോൾ വാടകക്ക് നൽകിയിരിക്കുകയാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത് പൊന്നാനിയിലാണ്. ട്രോളിങ് നിരോധന സമയത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണി നടക്കുക. പൊന്നാനിയിൽ ചെറിയ തോതിലുള്ള മിനുക്കുപണികൾ മാത്രമാണ് നടക്കുന്നത്. വലിയ കേടുപാടുകൾ തീർക്കാൻ ബോട്ടുകൾ ചേറ്റുവയിലും മുനമ്പത്തും എത്തിക്കേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് സംസ്ഥാനത്ത് രണ്ട് ബോട്ട് ബിൽഡിങ് യാർഡുകൾ നിർമിക്കാൻ തത്വത്തിൽ ധാരണയായത്. കൂടുതൽ സ്ഥലമുള്ള ഹാർബർ പ്രദേശങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരുന്നത്. ഇത് പൊന്നാനിക്ക് തുണയാവുകയായിരുന്നു. പത്തേമാരികളുടെ നിർമാണത്തിൽ പാരമ്പര്യമുള്ള പൊന്നാനിക്ക് സർക്കാർ അധീനതയിലുള്ള ബോട്ട് നിർമാണ യൂനിറ്റ് പരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള അവസരമായിരുന്നു. 1970 കളുടെ അവസാനം വരെ സജീവമായി നിലനിന്നിരുന്ന പത്തേമാരികളുടെ നിർമാണ യൂനിറ്റ് പൊന്നാനി തുറമുഖത്തോടു ചേർന്നുണ്ടായിരുന്നു. എന്നാൽ ഇത്തരമൊരു പ്രൊപ്പോസൽ ഹാർബർ എൻജിനീയറിങ് വകുപ്പിന് കീഴിലില്ലെന്ന് എക്സിക്യുട്ടിവ് എൻജിനിയർ മധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.