പൊന്നാനി: നഗരസഭയിലെ രണ്ട് വില്ലേജ് ഓഫിസുകളിൽ ജനസാന്ദ്രത ഏറെയുള്ള പൊന്നാനി നഗരം വില്ലേജ് ഓഫിസിൽ രണ്ട് മാസത്തിലധികമായി വില്ലേജ് ഓഫിസർ ഇല്ലാത്തതിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ റീത്ത് വെച്ച് പ്രതിഷേധിച്ചു. കടലാക്രമണവും കാലവർഷക്കെടുതിയും നാശംവിതച്ച തീരമേഖലയിൽ ആനുകൂല്യങ്ങൾക്കായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വില്ലേജ് ഓഫിസിന് മുന്നിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
സ്കോളർഷിപ്പുകൾക്കും മറ്റു പഠനാവശ്യങ്ങൾക്കുമായി വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്ന നിരവധി വിദ്യാർഥികളാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ണീരോടെ വില്ലേജ് ഓഫിസിൽനിന്ന് മടങ്ങിയത്.
വില്ലേജ് ഓഫിസറുടെ ചുമതല നൽകാൻപോലും അധികാരികൾക്ക് സാധിക്കുന്നില്ല. ഇടതുപക്ഷ സർക്കാർ തീരദേശ ജനതയോട് കാണിക്കുന്ന കടുത്ത അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് അനുപമ മുരളീധരൻ, ആയിഷ അബ്ദു, ശ്രീകല ചന്ദ്രൻ, മിനി ജയപ്രകാശ്, കെ. ഇസ്മായിൽ, എൻ. റാഷിദ്, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.