ട്രോളിങ് നിരോധനത്തിന് ശേഷം ലഭിക്കുന്നത് ചെറു മത്സ്യങ്ങൾ മാത്രം

പൊന്നാനി: ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങിയ ജില്ലയിലെ ബോട്ടുകൾക്ക് ലഭിക്കുന്നത് ചെറു മത്സ്യങ്ങൾ മാത്രം. ഈ സീസണിൽ ലഭിക്കേണ്ട വലിയ ചെമ്മീൻ ഉൾപ്പെടെ കണികാണാനില്ലാതായതോടെ നിരാശയിലാണ് ബോട്ടുടമകൾ. വിപണിയിൽ വിലക്കുറവുള്ള കിളിമീൻ മാത്രമാണ് കാര്യമായി ലഭിക്കുന്നത്. വില കൂടിയ മീനുകൾ മലബാർ കടൽ തീരങ്ങളിൽ കുറഞ്ഞതോടെ ബോട്ടുകൾ കൂട്ടത്തോടെ തെക്കൻ ജില്ലകളിലെ കടൽ തീരങ്ങളിലേക്ക് നീങ്ങുകയാണ്.

തെക്കൻ ജില്ലകളിലെ കടലിൽ കരിക്കാടി ചെമ്മീൻ ധാരാളം ലഭിക്കുന്നുണ്ട്. ഇത് യഥേഷ്ടം ലഭിച്ചാൽ വലിയ ലാഭമാണ് ബോട്ടുകാർക്ക് ലഭിക്കുക. ഇതോടെയാണ്​ പൊന്നാനി, ബേപ്പൂർ, പരപ്പനങ്ങാടി എന്നീ ഹാർബറിൽ നിന്നുള്ള ചെറുതും വലുതുമായ ബോട്ടുകൾ തെക്കൻ ജില്ലകളിലേക്ക് പോയിത്തുടങ്ങിയത്. തെക്കൻ ജില്ലകളിൽ പൊന്നാനിയിൽ കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ബോട്ടുകൾക്കെല്ലാം ചെമ്മീൻ ചാകരയും ലഭിച്ചിട്ടുണ്ട്. വലുപ്പം കുറഞ്ഞ ഈ ചെമ്മീൻ ഒരു കൊട്ടയ്ക്ക് ആയിരം രൂപക്കാണ് വിപണിയിൽ വില ലഭിച്ചത്. 

തെക്കൻ ജില്ലകളിൽ ഒരു കുട്ടയക്ക് 500 രൂപയാണ് വില. ചെമ്മീനിൻ്റെ വലുപ്പം കൂടുംതോറും വിലയിലും മാറ്റമുണ്ടാകും. ജില്ലയിലെ കടൽ തീരങ്ങളിൽ ഇത്തവണ കരിക്കാടി ചെമ്മീൻ ലഭിക്കുന്നുമില്ല. ഇവിടെ വ്യാപകമായി ലഭിക്കുന്നതാകട്ടെ കിളിമീനും അയലയും അയലച്ചെമ്പാനുമാണ്. വള്ളക്കാർ കൊണ്ടുവരുന്ന മീനിന്നാണ് ഇപ്പോൾ മാർക്കറ്റിൽ വില ലഭിക്കുന്നത്. അവർ ഐസ് ഇടാത്ത മീനാണ് കരിയിലെത്തിക്കുന്നത്. ബോട്ടുകാർ കടലിൽ പോയി മൂന്നുദിവസം കഴിഞ്ഞാണ് തിരിച്ചെത്തുക. മീൻ കരയിലെത്തുന്നതാകട്ടെ ഐസ് ഇട്ടതിനു ശേഷവും.

ട്രോളിങ്ങിന്​ ശേഷം ആഗസ്ത് - സെപ്തംബർ മാസങ്ങളിലാണ് ബോട്ടുകാർക്ക് കാര്യമായി ലാഭം ലഭിക്കാറ്. ഇന്ധനച്ചിലവും കഴിച്ചാൽ ഒരു ലക്ഷത്തോളം രൂപ ലാഭമായി ലഭിച്ചാൽ മാത്രമെ ബോട്ടുകാർക്ക് പിടിച്ചു നിൽക്കാനാവൂ. കാരണം ഈ രണ്ടു മാസങ്ങൾ കഴിഞ്ഞാൽ മൽസ്യം ആവശ്യത്തിന് കിട്ടാതാവുകയും നഷ്ടം നേരിടുകയും ചെയ്യും. ഇത് മുൻകൂട്ടി കണ്ടാണ് ബോട്ടുകാർ തെക്കൻ ജില്ലകളിലെ കടലിലേക്ക് ഭാഗ്യവും തേടിപ്പോകുന്നത്.

Tags:    
News Summary - Only small fish are available after the trawling ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.