പൊന്നാനി: നിരവധി സഞ്ചാരികളെത്തുന്ന കർമ റോഡിലെ കച്ചവട സ്ഥാപനങ്ങൾ അടിയന്തരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം നോട്ടിസ് നൽകി. 35 കച്ചവടക്കാർക്കാണ് ലൈസൻസില്ലാത്തതിനാൽ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയത്. ചില കടകൾ വൃത്തിഹീന സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. കർമ റോഡരികിലെ റവന്യൂ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമായി നിരവധി കച്ചവട സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ മിക്ക കെട്ടിടങ്ങൾക്കും നഗരസഭ നമ്പറും നൽകിയിട്ടില്ല.
നമ്പർ ലഭിക്കാത്ത കെട്ടിടങ്ങൾക്ക് പുറമെ നിരവധി തട്ടുകടകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മഞ്ഞപ്പിത്തം പടരാനിടയയതിന്റെ ഉറവിടം കർമ റോഡരികിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നാണെന്ന വിവരത്തെത്തുടർന്നാണ് നഗരസഭയുടെ അടിയന്തിര ഇടപെടൽ. റോഡരികിൽ അനധികൃത കെട്ടിടങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാരോപിച്ച് സ്വകാര്യ വ്യക്തി നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രിക്കുൾപ്പെടെ പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് നോട്ടിസ് നൽകിയിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ ഇവർക്ക് സാവകാശം നൽകുകയായിരുന്നു. നഗരസഭ സെക്രട്ടറി എസ്. സജിറൂൺ, ഹെൽത്ത് സൂപ്പർവൈസർ പ്രദീപ്, ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ, കെ.വി. ലിസ്ന, പവിത്രൻ, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നോട്ടിസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.