പൊന്നാനി: പൊന്നാനിയുടെ ഗതകാല ചരിത്രം പേറി നിലകൊണ്ട ചരിത്ര സ്മാരകം ഇനി കാട് മൂടി നശിക്കില്ല. പുതുതലമുറക്ക് പഴയകാല ചരിത്രം അനുഭവേദ്യമാക്കാൻ പുതിയ ചുവടുവെപ്പ് നടത്തുകയാണ് നഗരസഭ ഭരണസമിതി. ചരക്കുകപ്പൽ അടുത്തിരുന്ന പൊന്നാനി തുറമുഖത്ത് സാധന സാമഗ്രികൾ സൂക്ഷിച്ചിരുന്ന പാണ്ടികശാല ശുചീകരിച്ച് സെൽഫി പോയന്റ് ആക്കുകയെന്ന ആശയമാണ് നഗരസഭ മുൻകൈയെടുത്ത് പ്രാവർത്തികമാക്കുന്നത്.
നാശത്തിന്റെ വക്കിലെത്തിയ പാണ്ടികശാലക്കകത്തെ മാലിന്യം ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ച് വൃത്തിയാക്കി. എട്ട് ടണ്ണോളം മാലിന്യമാണ് നീക്കിയത്. ചുമരുകളിൽ പൊന്നാനിയുടെ ഗതകാല ചരിത്രങ്ങൾ പെയിന്റിങ്ങുകളായി ഇടം പിടിക്കും. പാണ്ടികശാലയിൽ ആഴ്ന്നിറങ്ങിയ വേരുകൾ ഉൾപ്പെടെ സംരക്ഷിച്ച് പുരാതന മാതൃകയിൽ നിലനിർത്തി ഫോട്ടോസ്പോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. നിലവിൽ നിരവധി പേരാണ് പാണ്ടികശാലക്ക് മുന്നിൽ ഫോട്ടോ ഷൂട്ട് നടത്തുന്നത്. ചരിത്ര ശേഷിപ്പിനെ സഞ്ചാരികളുടെ ഇഷ്ട ഇടമാക്കി മാറ്റുകയാണ് നഗരസഭ.
പൊന്നാനി: പുരാതന പാണ്ടികശാല പൊന്നാനിയുടെ മുഖമാക്കി മാറ്റുമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം. ചരിത്ര ശേഷിപ്പിന്റെ സംരക്ഷണമെന്നതിനൊപ്പം പുതുതലമുറയുടെ ഇഷ്ട കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇത് പുതിയ ചുവടുവെപ്പാകുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.