പൊന്നാനി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പൊന്നാനി വലിയ ജുമുഅത്ത് മസ്ജിദ് റോഡിൽ മൂന്നാമത് പാനൂസ ആഘോഷങ്ങൾക്ക് തുടക്കമായി. പൊന്നാനിയുടെ പൗരാണിക സംസ്കാരത്തിന്റെ വിനിമയവും ശോചനീയമായ പൊന്നാനി നഗരത്തിലെ കച്ചവടങ്ങളെ തിരിച്ചുപിടിക്കലുമാണ് പാനൂസ ആഘോഷം ലക്ഷ്യമിടുന്നത്. പണ്ടുകാലത്ത് പൊന്നാനിയിലെ ഓരോ വീടുകളിലും പ്രത്യാശയുടെ പ്രതീകമായി പാനൂസകൾ തൂങ്ങികിടന്നിരുന്നു. യാന്ത്രിക യുഗത്തിൽനിന്ന് മാറ്റി നിർത്തി ചേർത്തുപിടിക്കലിന്റെയും കൂട്ടി ചേർക്കലിന്റെയും ഒരുമയുടെയും സന്ദേശമാണ് പാനൂസ നൽകുന്നത്.
പാനൂസ ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങായി വലിയപള്ളി പരിസരത്ത് പാനൂസകൾ തൂക്കി ദീപാലകൃതമാക്കി. ചൊവ്വാഴ്ച രാവിലെ പത്തിന് അനുബന്ധപരിപാടിയായി മെഹന്തി ഫെസ്റ്റ് എം.ഐ.യു.പി സ്കൂളിൽ സംഘടിപ്പിക്കും. പൊന്നാനി പലഹാരങ്ങളുടെ വിപണനവും മുത്താഴവെടിയും ഇതിനോടനുബന്ധിച്ച് അരങ്ങേറും.
സമാപന ദിവസമായ ഏപ്രിൽ 12ന് രാത്രി എട്ടിന് എം.ഐ.യു.പിയുടെ കോർട്ട് പരിസരത്ത് ജെ.എം റോഡിൽ ക്രിയേറ്റീവ് സർക്കിൾ പൊന്നാനി ടൗൺ സമിതി സംഘടിപ്പിക്കുന്ന സൂഫി ഗായകൻ ജാഫർ ആഷിക്കിന്റെ ഇഷ്കി സുഫിയാന കവാലിരാവ് നടക്കും. പ്രഫ. ഇമ്പിച്ചിക്കോയ തങ്ങൾ, ആർട്ടിസ്റ്റ് താജ് ബക്കർ, നാടക പ്രവർത്തകനായ ഹബീബ് സർഗം, പൊന്നാനിയിലെ സാംസ്കാരിക പ്രവർത്തകരായ അബ്ദുൾ കലാം, സലാം ഒളാട്ടയിൽ, അഡ്വ. സുഹൈൽ അബ്ദുല്ല, ബാബു താണിക്കാട്, ഷഫീക്ക് അമ്പലത്തുവീട്, പി.വി ഫാറൂഖ്, ഫിറോസ് സർഗം ജവാദ് പൊന്നാനി, സലീന ടീച്ചർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.