പൊന്നാനി: രോഗീസൗഹൃദ താലൂക്ക് ആശുപത്രിയെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി പൊന്നാനി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച പേഷ്യന്റ് മാനേജ്മെന്റ് സംവിധാനം താളംതെറ്റി. ടോക്കൺ സംവിധാനത്തിന് പുറമെ കമ്പ്യൂട്ടറും പ്രവർത്തനരഹിതമായതോടെ രോഗികളുൾപ്പെടെയുള്ളവർ മണിക്കൂറുകളോളം വരി നിന്ന് വലയുകയാണ്. രാവിലെ മുതൽ നീണ്ട നിരയാണ് ടോക്കൺ കൗണ്ടറുകൾക്ക് മുന്നിലുള്ളത്.
പൊന്നാനി നഗരസഭ ഡി.എം.ആർ.സിയുടെ മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് മാനേജ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. അവശരായ രോഗികൾ ഒ.പി ടിക്കറ്റ് എടുക്കാനും ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനും വേണ്ടി മണിക്കൂറുകളോളം വരിനിൽക്കേണ്ട സ്ഥിതിയാണ്.
സിസ്റ്റത്തിന്റെ ഭാഗമായി ആശുപത്രിയിൽ വരുന്ന രോഗിക്ക് പ്രവേശന കവാടത്തിൽ സ്ഥാപിച്ച ഡിസ്പെൻസറിയിൽനിന്ന് ടോക്കൺ എടുക്കുകയും തുടർന്ന് ടോക്കൺ നമ്പർ പ്രകാരം കൗണ്ടറിൽനിന്ന് ടിക്കറ്റ് ലഭിക്കുകയും ചെയ്യുമായിരുന്നു. ഏതുവിഭാഗം ചികിത്സയാണോ ആവശ്യം എന്നതിനനുസരിച്ച് നൽകുന്ന ടിക്കറ്റുപയോഗിച്ച് ഒ.പി ബ്ലോക്കിൽ കാത്തിരുന്നാൽ ഊഴമനുസരിച്ച് ഡോക്ടറെ കാണാൻ കഴിഞ്ഞിരുന്നു. ജനറൽ മെഡിസിൻ, ഇ.എൻ.ടി, സർജറി, ഓർത്തോ, ഒഫ്താൽമോളജി വിഭാഗങ്ങൾക്ക് പ്രത്യേക ബ്ലോക്കുകളായി തിരിച്ചാണ് ഔട്ട്പേഷ്യന്റ് സേവനം ലഭ്യമാക്കിത്തുടങ്ങിയത്.
എന്നാൽ, ആവശ്യത്തിന് ഡോക്ടർമാരില്ലാതായതോടെ പ്രത്യേക മുറികളിലെ പരിശോധന നിലക്കുകയും ജനറൽ ഒ.പി മാത്രമായി മാറുകയും ചെയ്തു. ത്വഗ്രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ജനറൽ വിഭാഗത്തിൽ കാണിക്കേണ്ട അവസ്ഥയാണ്. മരുന്ന് വാങ്ങാനായും നീണ്ട നിരയാണ് ഇപ്പോഴുള്ളത്. ടോക്കൺ സംവിധാനം നിലച്ചിട്ടും നഗരസഭ ഭരണസമിതിയുൾപ്പെടെ ഈ വിഷയത്തിൽ അലംഭാവം കാണിക്കുകയാണെന്നാണ് ആരോപണം. ആശുപത്രിയിൽ ചേരാറുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് യോഗത്തിൽ ശാശ്വത പ്രശ്നപരിഹാരം കാണാമെന്ന് പറയാറുണ്ടെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.