പൊന്നാനി: രോഗീ സൗഹൃദം എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി പൊന്നാനി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം താളംതെറ്റിയതിന് പുറമെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ തലതിരിഞ്ഞ തീരുമാനത്തിൽ ദുരിതത്തിലായി രോഗികൾ.
ഒ.പിയിലെത്തുന്നതിന് മുമ്പുള്ള ടോക്കൺ കൗണ്ടറിൽ തിരക്ക് വർധിക്കുന്നതാണ് വിവിധ അസുഖങ്ങളുമായി എത്തുന്നവരെ പ്രയാസപ്പെടുത്തുന്നത്. നേരത്തെ ഒ.പി ടോക്കൺ മാത്രം നൽകിയിരുന്ന കൗണ്ടറിൽ എച്ച്.എം.സി തീരുമാന പ്രകാരം എക്സ് റേ, ലാബ് എന്നിവിടങ്ങളിലെ ബില്ലുകൾ അടക്കുന്നതിന് കൂടി സൗകര്യമേർപ്പെടുത്തിയതോടെയാണ് പ്രവർത്തനം താളംതെറ്റിയത്.
കൗണ്ടറിൽ ജീവനക്കാർ കുറവുമുണ്ട്. ഒ.പി ടിക്കറ്റ് നൽകുന്നതും മറ്റു ബില്ലുകൾ സ്വീകരിക്കുന്നതും ഒരേ ജീവനക്കാരാണ്. ഇത് സമയം നീളാനിടയാക്കുന്നുണ്ട്. ടോക്കൺ കൗണ്ടറിലെ തിരക്ക് റോഡിലേക്ക് നീളുന്ന സ്ഥിതിയാണ്. അത്യാഹിത രോഗികളുമായി എത്തുന്ന വാഹനങ്ങൾ പോലും തിരിക്കാനിടമില്ലാത്ത സ്ഥലത്താണ് എച്ച്.എം.സിയുടെ തല തിരിഞ്ഞ പരിഷ്കരണം മൂലം നീണ്ട വരി രൂപപ്പെടുന്നത്.
എക്സ് റേ, ലാബ് ബില്ലുകൾ എന്നിവ നേരത്തെ സ്വീകരിച്ചിരുന്നത് പോലെ തുടരണമെന്ന ആവശ്യം ശക്തമാണ്. പൊന്നാനി നഗരസഭ ഡി.എം.ആർ.സി.യുടെ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി രോഗി പ്രവേശന കവാടത്തിലെ ടോക്കൺ ഡിസ്പെൻസറിൽനിന്ന് നേരിട്ട് ടോക്കൺ എടുക്കുകയും തുടർന്ന് ഒ.പി കൗണ്ടറിന് മുന്നിലെ കസേരയിൽ ഇരുന്നാൽ ടോക്കൺ നമ്പർ പ്രകാരം കൗണ്ടറിൽനിന്ന് ടിക്കറ്റുകൾ നൽകുകയുമായിരുന്നു.
ഏത് വിഭാഗം ചികിത്സയാണോ ആവശ്യം എന്നതിനനുസരിച്ച് നൽകുന്ന ടിക്കറ്റുപയോഗിച്ച് ഒ.പി ബ്ലോക്കിൽ കാത്തിരുന്നാൽ ഊഴമനുസരിച്ച് ഡോക്ടറെ കാണാൻ കഴിഞ്ഞിരുന്നു. ജനറൽ മെഡിസിൻ, ഇ.എൻ.ടി, സർജറി, ഓർത്തോ, ഒഫ്ത്തമോളജി എന്നീ വിഭാഗങ്ങൾക്കായി പ്രത്യേക ബ്ലോക്കുകളായി തിരിച്ചാണ് ഔട്ട് പേഷ്യന്റ് സേവനം ലഭ്യമാക്കി തുടങ്ങിയത്. എന്നാൽ ആവശ്യത്തിന് ഡോക്ടർമാരില്ലാതായതോടെ പ്രത്യേക മുറികളിലെ പരിശോധന നിലക്കുകയും ജനറൽ ഒ.പി മാത്രമായി മാറുകയും ചെയ്തു. മരുന്ന് വാങ്ങാനും നീണ്ട നിരയാണ് ഇപ്പോഴുള്ളത്. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് യോഗത്തിൽ പറയാറുണ്ടെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.