പൊന്നാനി: പുതുപൊന്നാനിക്കാരുടെ യാത്രാക്ലേശത്തിന് അറുതിയാകുന്നു. പുതുപൊന്നാനി പാലത്തിന് സമീപം മിനി അണ്ടർപാസ് നിർമിക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. ബോക്സ് സ്ട്രക്ച്ചറിലാണ് നിർമാണം. അഞ്ച് മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് മിനി അണ്ടർപാസ് നിർമിക്കുന്നത്. മിനി ബസ് ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് രൂപകൽപന. എട്ടര അടി ഉയരത്തിലുള്ള വാഹനങ്ങൾ വരെ ഇതുവഴി കടന്നുപോകും. ഇതിനുള്ള ഉത്തരവ് ദേശീയപാത അതോററ്റി ഓഫ് ഇന്ത്യയിൽനിന്നും ലഭിച്ചു.
രണ്ടാഴ്ചക്കകം നിർമാണ പ്രവൃത്തികൾ ആരംഭിക്കും. ഒരുമാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനം. ആദ്യം റോഡ് ലവലിങ് പ്രവർത്തനവും പിന്നീട് റാഫ്റ്റ് ചെയ്ത് ചുമർ കെട്ടി സ്ലാബും ചെയ്യും. ഒരടി ഉയർത്തി അപ്രോച്ച് റോഡ് നിർമിക്കും. അപ്രോച്ച് റോഡിന് 27 മീറ്റർ നീളമുണ്ടാകും. പഴയ പാലം ഉള്ളതിനാൽ അപ്രോച്ച് റോഡിന്റെ ഉയരം കൂട്ടാനാവില്ല. കെ.എൻ.ആർ.സിയാണ് നിർമാണ പ്രവൃത്തികൾ നടത്തുക.
മെട്രോമാൻ ഇ. ശ്രീധരൻ മന്ത്രി നിധിൻ ഗഡ്കരിയുമായി മൂന്നുതവണ കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് മിനി അണ്ടർപാസിനായുള്ള പദ്ധതി യാഥാർഥ്യമായത്. മെട്രോമാൻ രണ്ട് തവണ പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. നിലവിൽ ആനപ്പടിയിലുള്ള അണ്ടർപാസ് കഴിഞ്ഞാൽ വെളിയങ്കോട് മാത്രമാണ് അണ്ടർപാസുള്ളത്. പുതുപൊന്നാനി പ്രദേശത്തെ യാത്രാക്ലേശം സംബന്ധിച്ച് ‘മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
പൊന്നാനി: പൊന്നാനിയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊന്നാനി ചമ്രവട്ടം ജങ്ഷൻ മുതൽ പള്ളിപ്പുറം വരെയുള്ള ഏതാണ്ട് രണ്ട് കിലോമീറ്റർ ദൂരത്തിൽ റോഡ് മുറിച്ചുകടക്കാൻ സംവിധാനം ഏർപ്പെടുത്താത്തത് വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിക്കും. റോഡിന് ഇരുവശവും ഉള്ള രണ്ട് എൽ.പി സ്കൂൾ, മദ്റസ, നാല് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രീ പ്രൈമറി തലം മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികളെ യാത്രാദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
റോഡ് മുറിച്ചുകടക്കാൻ രണ്ട് കിലോമീറ്ററോളം അധികം യാത്ര ചെയ്യേണ്ട അവസ്ഥയാണ് ചമ്രവട്ടം ജങ്ഷനും പള്ളിപ്പുറത്തിനും ഇടയിൽ. സാങ്കേതിക കാരണങ്ങളുടെ പേരിൽ അടിപ്പാതകൾ അനുവദിച്ചിട്ടില്ല. ഉറൂബ് നഗറിൽ മെട്രോമാൻ ശ്രീധരന്റെ ഇടപെടൽ മൂലം അടിപ്പാത വരുമെന്ന് കണക്കുകൂട്ടിയിരുന്നെങ്കിലും റോഡിന് ഇരുവശവും രണ്ട് സെന്റ് വീതം സ്ഥലം നഗരസഭ വിട്ടുനൽകിയാൽ നടപ്പാത നിർമിക്കാമെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്.
എന്നാൽ പുതുപൊന്നാനി എം.ഐ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കാനായി അഞ്ച് മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലും ഒരു മിനി അണ്ടർപാസ് നിർമിച്ച് കൊടുക്കാൻ ശ്രീധരന്റെ ഇടപെടലിലൂടെ എൻ.എച്ച്.ഐ.എ സമ്മതിച്ചിട്ടുണ്ട്.
ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മാത്രം റോഡ് മുറിച്ച് കടക്കാൻ ഒതുങ്ങുന്ന വിധത്തിൽ ഇത്തരത്തിലൊരു മിനി അണ്ടർപാസ് ചമ്രവട്ടം ജങ്ഷൻ പള്ളപ്പുറത്തിനിടയിൽ തെയ്യങ്ങാട് ജങ്ഷനിലോ ഓം തൃക്കാവ് ജങ്ഷനിലോ നിർമിക്കുകയാണെങ്കിൽ റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന അര ഡസനോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറുകണക്കിന് കുട്ടികളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.