പൊന്നാനി: സമയബന്ധിതമായി കുടിവെള്ള കണക്ഷനില്ല, പദ്ധതിക്കായി കുത്തിപ്പൊളിച്ചിട്ട റോഡിന്റെ അറ്റകുറ്റപണിയുമില്ല. അമൃത് പദ്ധതിയുടെ ഭാഗമായി നിസ്സംഗത പതിവായതോടെ ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും രൂക്ഷവിമർശനവുമായി പൊന്നാനി നഗരസഭ ചെയർമാൻ. പദ്ധതി പൂർത്തീകരണത്തിന് അന്തിമസമയം നൽകി. കാലാവധി ലംഘിച്ചാൽ കരാറുകാരെ പദ്ധതിയിൽനിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.
പൊന്നാനിയിലെ തീരദേശ മേഖലയിലേക്ക് കുടിവെള്ളം എത്തിക്കാനായി ആരംഭിച്ച അമൃത് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കത്തതിനെ തുടർന്നാണ് ചെയർമാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടും, കരാറുകാരോടും രൂക്ഷമായി പ്രതികരിച്ചത്.
മേയ് മാസത്തിനകം കുടിവെള്ളം നൽകാനായിരുന്നു കരാർ. പൈപ്പിടാനായി വെട്ടിപ്പൊളിച്ച ദേശീയപാത, പി.ഡബ്യൂ.ഡി, മുനിസിപ്പൽ റോഡുകളുടെ അറ്റകുറ്റപണികൾ വൈകുന്നതിലും പ്രതിഷേധം ശക്തമാണ്.
മഴ പെയ്തതോടെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ദുസ്സഹമാണ്. റോഡരികിലെ വീടുകളിലേക്ക് മാത്രമാണ് ഇതുവരെ കണക്ഷൻ നൽകിയിട്ടുള്ളത്. പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാൽ കരാർ കമ്പനിയെ ഒഴിവാക്കാനായിരുന്നു ധാരണ. എന്നാൽ നഗരസഭ കാര്യാലയത്തിൽ നടന്ന യോഗത്തിൽ സെപ്റ്റംബർ അഞ്ചിനകം പ്രവൃത്തികൾ പൂർത്തീകരിക്കാൻ ധാരണയായി. ഓരോവാർഡിലും അഞ്ച് ദിവസങ്ങൾ കൊണ്ട് കണക്ഷൻ പൂർത്തീകരിക്കാനും, റോഡുകളിലെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി പൂർത്തീകരിക്കാനും തീരുമാനിച്ചു.
നരിപ്പറമ്പ് മുതൽ പൊന്നാനി വിജയമാത വരെ ദേശീയപാത നവീകരണം നടന്നെങ്കിലും അമൃത് പദ്ധതിക്കായി കുഴിയെടുത്ത ഭാഗങ്ങളിൽ അറ്റകുറ്റപണി നടത്താത്തതിനാൽ ഈ പ്രവൃത്തിയും മുടങ്ങി. നീട്ടി നൽകിയ കാലാവധിക്കകം പ്രവൃത്തികൾ പൂർത്തീകരിച്ചില്ലെങ്കിൽ കരാർ കമ്പനിയെ ഒഴിവാക്കാനാണ് തീരുമാനം.
യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി അസി. എൻജിനീയർ ശ്രീജിത്ത്, ഓവർസിയർ സുജിത്ത്, ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഷമീർ, അമൃത് പദ്ധതി പ്രോജക്ട് എൻജിനീയർ, നഗരസഭ സെക്രട്ടറി എസ്. സജിറൂൺ, ജനപ്രതിനിധികൾ, കരാർ കമ്പനി അധികൃതർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.