പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിെൻറ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഹാർബറിൽ നിർമാണം പൂർത്തിയായ ആറ് കടമുറികൾ വാടകക്ക് നൽകി. മൂന്നെണ്ണം മത്സ്യഫെഡിനും മറ്റു മൂന്ന് മുറികൾ സ്വകാര്യ വ്യക്തികൾക്കുമാണ് നൽകിയത്. പ്രതിമാസം 30,000 രൂപ വരുമാനം ഇതിലൂടെ ലഭിക്കും. കൂടാതെ 78 മത്സ്യസൂക്ഷിപ്പ് കേന്ദ്രങ്ങളിൽനിന്ന് രണ്ട് ലക്ഷം രൂപ മാസം ലഭിക്കുന്നുണ്ട്. ആദ്യ വർഷത്തെ ടോൾ പിരിവ് ടെൻഡറിലൂടെ 35 ലക്ഷം രൂപ ലഭിച്ചിരുന്നു. ഇതോടെ കൂടുതൽ സൗകര്യങ്ങൾ ഹാർബറിൽ ഒരുക്കാനാണ് തീരുമാനം.
കൂടാതെ ശുചിമുറിയും ലേല ഹാളിന് മുന്നിൽ മത്സ്യത്തൊഴിലാളികൾക്കായി മേൽക്കൂരയും നിർമിക്കാനും പദ്ധതിയുണ്ട്. മത്സ്യസംസ്കരണ യൂനിറ്റ് ഉൾപ്പെടെ നിർമിക്കണമെന്ന ആവശ്യവുമുണ്ട്. മഴ നനഞ്ഞ് മത്സ്യം വാഹനങ്ങളിലേക്ക് കയറ്റുന്നതിന് പരിഹാരം കാണാനാണ് മേൽക്കൂര നിർമിക്കുന്നത്.
മഴക്കാലത്ത് മഴ നനഞ്ഞും കൊടും വേനലിൽ വെയിലേറ്റുമാണ് നിലവിൽ വാഹനങ്ങളിലേക്ക് മത്സ്യം എത്തിക്കുന്നത്. ഇതേത്തുടർന്ന് മേൽക്കൂര നിർമിക്കണമെന്നത് ഏറെ നാളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യമായിരുന്നു. നിലവിലെ ലേല ഹാളിെൻറ വീതിയിലും 12 മീറ്റർ നീളത്തിലുമായാണ് മേൽക്കൂര നിർമിക്കുക. ഹാർബർ എൻജിനീയറിങ് വിഭാഗമാണ് പദ്ധതി തയാറാക്കുന്നത്. കൂടാതെ ഹാർബറിെൻറ പടിഞ്ഞാറ് നിർമിച്ച പുതിയ വാർഫിലേക്കുള്ള റോഡ് നിർമാണവും പൂർത്തിയായി.
പുതിയ വാർഫ് കേന്ദ്രീകരിച്ചും ബോട്ടുകൾ അടുക്കുന്നുണ്ട്. നിലവിൽ മത്സ്യലഭ്യതയുള്ളതിനാൽ ഹാർബറിൽ എല്ലാ ബോട്ടുകളും എത്തുന്നുണ്ട്. മത്സ്യം കയറ്റാനായി നിരവധി വാഹനങ്ങളാണ് ഹാർബറിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.