പൊന്നാനി: പരമ്പരാഗത വള്ളങ്ങൾക്കായി ഫിഷിങ് ഹാർബറിൽ പുതിയ വാർഫ് ഒരുങ്ങുന്നു. മൂന്നര കോടി രൂപയിലധികം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത വള്ളക്കാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുക.
നിലവിൽ ബോട്ടുകൾ നിർത്തുന്ന വാർഫിൽ തന്നെ വള്ളങ്ങളും നങ്കൂരമിടുന്നത് തർക്കങ്ങൾക്കിടയാക്കിയിരുന്നു. ഇതോടെയാണ് കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തി ഉയരം കുറഞ്ഞ വാർഫ് നിർമിക്കാൻ പദ്ധതി തയാറാക്കിയത്.
ഹാർബർ പ്രദേശത്തിന് പടിഞ്ഞാറുള്ള നിലവിലെ വാർഫിനോട് ചേർന്നാണ് വള്ളങ്ങൾക്കായുള്ള ജെട്ടി ഒരുക്കുന്നത്. ഇതിന് പുറമെ ഈ ഭാഗത്തെ ബോട്ടുകൾക്കുള്ള വാർഫ് 50 മീറ്റർ കൂടി നീളം വർധിപ്പിക്കും. ഇതോടെ ഹാർബറിന്റെ പടിഞ്ഞാറ് വശം 150 മീറ്റർ നീളമുള്ള വാർഫ് ഒരുങ്ങും. ഹാർബറിന്റെ ഇരുവശത്തുമായി ഒരേസമയം പരമാവധി ബോട്ടുകൾക്ക് നങ്കൂരമിടാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
വള്ളങ്ങൾക്കുള്ള ജെട്ടിക്കൊപ്പം തന്നെ പുതിയ ലേല ഹാളും നിർമിക്കാൻ പദ്ധതിയുണ്ട്. ഇതോടെ വള്ളക്കാർക്ക് പ്രത്യേകമായി മത്സ്യം വിൽക്കുന്നതിനുള്ള സൗകര്യമൊരുങ്ങും. നിലവിൽ പൊരിവെയിലത്ത് നിന്നാണ് വള്ളക്കാർ മത്സ്യം ലേലം ചെയ്യുന്നത്.
ഇത് മത്സ്യത്തിന്റെ നിലവാരത്തെ തന്നെ ബാധിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ പരിഗണിച്ചാണ് പുതിയ വാർഫും ലേല ഹാളും നിർമിക്കാൻ പദ്ധതി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.