പൊന്നാനി: സംസ്ഥാനത്തെ നീളമേറിയ പുഴയോര പാതയിലൊന്നായ കർമറോഡിൽ നിർമാണം പൂർത്തീകരിച്ച കർമ പാലം ഗതാഗതത്തിന് തുറന്ന് നൽകാനുള്ള നടപടി അനന്തമായി നീളുന്നു. നിർമാണം പൂർത്തിയായപ്പോൾ പാലത്തിലെ വിളക്കുകൾ സ്ഥാപിക്കാനുള്ള കാലതാമസമാണ് ഉദ്ഘാടനം ചെയ്യാൻ വൈകുന്നതിന് കാരണമായി അധികൃതർ പറഞ്ഞത്.
എന്നാൽ, റമദാന് മുമ്പ് തന്നെ വിളക്കുകൾ സ്ഥാപിച്ചിട്ടും പാലം ഉദ്ഘാടനം നീളുകയാണ്. പാലം ഗതാഗതത്തിന്നായി തുറന്ന് നൽകിയാൽ ഈശ്വരമംഗലം മുതൽ ഹാർബർ വരെ എളുപ്പമാർഗം സഞ്ചരിക്കാനാകും. ഇത് മൂലം കിലോമീറ്ററുകൾ ലാഭിക്കാനുമാകുന്നതിനൊപ്പം പൊന്നാനി അങ്ങാടിപ്പാലത്തിലെ ഗതാഗതക്കുരുക്കിനും വലിയൊരളവിൽ പരിഹാരമാകും.
റമദാനിൽ വൈകുന്നേരങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് അങ്ങാടിപ്പാലത്തിലുള്ളത്. അതേസമയം, കർമ പാലം ഗതാഗതത്തിന് തുറന്ന് നൽകിയിട്ടില്ലെങ്കിലും രാത്രിയിൽ നിരവധി പേരാണ് കാൽനടയായി പാലത്തിലെത്തുന്നത്.
പൊന്നാനി മത്സ്യബന്ധന തുറമുഖവുമായി ബന്ധിപ്പിക്കുന്ന പാലം മാസങ്ങൾക്ക് മുമ്പ് പണി പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. റമദാൻ-വിഷു സമയങ്ങളിൽ നിരവധി പേരെത്തുന്നതിനാൽ ഉടൻ പാലം തുറന്നുകൊടുക്കണമെന്ന് കോൺഗ്രസ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.