പൊന്നാനി: പുഴയോര പാതയായ കര്‍മ റോഡിനെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ നിർമിക്കുന്ന കർമ പാലത്തിന്‍റെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. പാലം ആഗസ്റ്റിൽ നാടിന് സമർപ്പിക്കും. നിർമാണം 95 ശതമാനവും പൂർത്തിയായി.
അപ്രോച്ച് റോഡ് നിർമാണവും പുരോഗതിയിലാണ്. പൊന്നാനി ഭാഗത്തെ അപ്രോച്ച് റോഡിൽ 80 മീറ്റർ മണ്ണിട്ട് ഉയർത്തി. പാലത്തിൽ കൈവരികളും നിർമിച്ചു. കർമ റോഡിന്‍റെ തെക്കു ഭാഗത്തെ നിർമാണവും ഇതോടൊപ്പം നടക്കുന്നുണ്ട്. അപ്രോച്ച് റോഡിൽ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സമർപ്പിച്ചു. പൊന്നാനി ഹാർബർ ഭാഗത്തെ 250 മീറ്റർ ഭാഗത്തെ അപ്രോച്ച് റോഡിന്‍റെ പ്രവൃത്തികളും ആരംഭിച്ചു. 80 മീറ്റർ ഭാഗത്ത് മണ്ണിട്ട് കഴിഞ്ഞു. ഭാരതപ്പുഴയും കനോലി കനാലും സംഗമിക്കുന്ന പള്ളിക്കടവിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്.
ദേശീയ ജലപാത നിയമത്തിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പാലം നിർമാണം. പാലത്തിന്‍റെ മധ്യത്തില്‍ 45 മീറ്റര്‍ ഉയരമുണ്ടാകും. കനോലി കനാലിലൂടെയുള്ള ബോട്ട് സര്‍വിസുകള്‍ക്ക് തടസ്സമാകാത്ത തരത്തിലാണ് മധ്യഭാഗത്തെ ഉയരം. വാഹന ഗതാഗതത്തിനായി 10 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുക. ഒരുവശത്ത് രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടു കൂടിയ നടപ്പാതയുണ്ടാകും. 11 കാലുകളോടുകൂടിയ പാലത്തിന് ശരാശരി 66 മീറ്റര്‍ ആഴത്തിലും 1.20 മീറ്റര്‍ വ്യാസത്തിലുമുള്ള 66 കോണ്‍ക്രീറ്റ് കാസ്റ്റിന്‍ സിറ്റു പൈലുകളുണ്ടാകും. ചമ്രവട്ടം ഭാഗത്തേക്ക് 570 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡ് ഉണ്ടാകും. കൂടാതെ 520 മീറ്റര്‍ ഹാര്‍ബര്‍ റോഡ് നവീകരിക്കും. പാലം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകും. എറണാകുളം -കോഴിക്കോട് റൂട്ടിലെ ചരക്ക് ഗതാഗതത്തിന് ഈ വഴി സഹായകമാകും. 36.29 കോടി രൂപ ചെലവില്‍ പുഴയോരപാതയായ കര്‍മ റോഡിന്‍റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാലം നിർമാണം നടക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോഓപറേറ്റിവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.