പൊന്നാനി: പൊന്നാനിയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കുണ്ടുകടവിൽ നിർമിക്കുന്ന പുതിയ പാലം നിർമാണം പൂർത്തീകരിച്ച് 2014 മേയിൽ നാടിന് സമർപ്പിക്കും. പാലത്തിന്റെ നിർമാണ പുരോഗതി പി. നന്ദകുമാർ എം.എൽ.എ വിലയിരുത്തി. പൈലിങ് പ്രവൃത്തികൾ 80 ശതമാനം പൂർത്തിയായി. പൈൽ ക്യാപ് പ്രവൃത്തികളും 80 ശതമാനം പൂർത്തീകരിച്ചു. 25 ഗർഡറുകളിൽ ഒമ്പതെണ്ണം ഇതിനകം നിർമിച്ചുകഴിഞ്ഞു. അടുത്ത മാസാരംഭത്തിൽ അവസാനത്തെ മൂന്ന് സ്ലാബുകളുടെ കോൺക്രീറ്റിങ് പൂർത്തീകരിക്കും.
പൊന്നാനി ഭാഗത്തെ പൈലിങ് പൂർത്തീകരിച്ച ശേഷം മാറഞ്ചേരി ഭാഗത്തെ പൈലിങ് പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡിന്റെ പ്രവർത്തനങ്ങളും സമാന്തരമായി നടക്കുന്നുണ്ട്. അതേസമയം, പൊന്നാനി ഭാഗത്ത് അപ്രോച്ച് റോഡിന്റെ വലതു ഭാഗത്ത് സർവിസ് റോഡും കാനയും നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനായി സ്ഥലം വിട്ടുനൽകിയാൽ സർവിസ് റോഡ് നിർമിക്കാമെന്നാണ് കരാർ കമ്പനി ഉറപ്പ് നൽകിയിട്ടുള്ളത്.
നിലവിലെ പാലത്തിന്റെ കിഴക്ക് ഭാഗത്തായി 227 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുന്നത്. 29.3 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും. 7.5 മീറ്റർ ഗതാഗതത്തിനും 1.5 മീറ്റർ വീതം വീതിയിലുള്ള നടപ്പാതകൾ ഇരു ഭാഗത്തും നിർമിക്കും. നിലവിലെ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ ഇരുവശത്തേക്കും അപ്രോച്ച് റോഡുകൾ നിർമിക്കും. 210 മീറ്ററാണ് ഇരുവശത്തേക്കുമായി അപ്രോച്ച് റോഡിന്റെ നീളം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.