പൊന്നാനി: ലോക്സഭ മണ്ഡലത്തിന്റെ പേരും നിയമസഭ മണ്ഡലത്തിന്റെ പേരും ഒന്നായ പൊന്നാനി, നാട്ടുകാരായ തലയെടുപ്പുള്ള നേതാക്കളെ തോൽപ്പിക്കുകയും ജയിപ്പിക്കുകയും ചെയ്ത മണ്ഡലമാണ്. മുൻ മന്ത്രിയും പൊന്നാനിക്കാരനുമായ ഇ.കെ. ഇമ്പിച്ചിബാവ രണ്ടു തവണ പൊന്നാനിയിൽനിന്ന് തോൽവിയറിഞ്ഞിട്ടുണ്ട്. 1977ൽ കോൺഗ്രസ് സ്ഥാനാർഥി എം.പി. ഗംഗാധരനോടും 87ൽ നാട്ടുകാരനായ പി.ടി. മോഹന കൃഷ്ണനോടുമാണ് ഇമ്പിച്ചിബാവ തോൽവി ഏറ്റുവാങ്ങിയത്. എന്നാൽ, 1991ൽ പി.ടി.മോഹനകൃഷ്ണനെ പരാജയപ്പെടുത്തി അദ്ദേഹം മണ്ഡലം തിരിച്ചു പിടിച്ചു. 1957 മുതല്‍ 2019 വരെ നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ ഏഴു തവണ കോണ്‍ഗ്രസ് സ്ഥാനാർഥികളും ഏഴ് തവണ തവണ സി.പി.എം. സ്ഥാനാർഥികളും ഒരു തവണ മുസ്ലിംലീഗ് സ്ഥാനാർഥിയും ഒരു തവണ സ്വതന്ത്രനും ഇവിടെനിന്നും വിജയിച്ചിട്ടുണ്ട്. സി.പി.എമ്മിലെ പി. നന്ദകുമാറാണ് ഇപ്പോള്‍ പൊന്നാനി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. മലപ്പുറം ജില്ലയിലെ പൊന്നാനി നഗരസഭയും പൊന്നാനി താലൂക്കിലെ ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ വെളിയങ്കോട് ഒഴികെ മറ്റിടങ്ങളിലെല്ലാം എൽ.ഡി.എഫാണ് ഭരണം കൈയാളുന്നത്.
ഇരുമുന്നണികളേയും വിജയിപ്പിച്ച ചരിത്രമുള്ള പൊന്നാനി ഇപ്പോൾ മലപ്പുറം ജില്ലയില്‍ ഇടതിന് കാര്യമായ വേരോട്ടമുള്ള മണ്ഡലംകൂടിയാണ്. 2006ൽ പാലോളി മുഹമ്മദ്കുട്ടിയിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ച മണ്ഡലത്തിൽ തുടർച്ചയായി നാല് തവണയും എൽ.ഡി.എഫ് സ്ഥാനാർഥികൾ തന്നെയാണ് വിജയിച്ചത്. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പൊന്നാനി അസംബ്ലി മണ്ഡലത്തിൽ 9739 വോട്ടുകളുടെ ലീഡ് ഇ.ടി. മുഹമ്മദ് ബഷീറിന് ഉണ്ടായിരുന്നെങ്കിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 17043 വോട്ടിന്റെ മികച്ച ഭൂരിപക്ഷമാണ് നേടിയത്. ഇടതിന് വ്യക്തമായ മേൽകൈയുള്ള മണ്ഡലത്തിൽ ലീഗുവിട്ടുവന്ന കെ.എസ്. ഹംസ ചെലുത്തുന്ന സ്വാധീനവും വോട്ടാകുമെന്ന പ്രതീക്ഷ എൽ.ഡി.എഫിനുണ്ട്.
അതേസമയം, അസംബ്ലി തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ അല്ല പാർലമെന്റ് തെരഞ്ഞെടുപ്പിലെന്നും 2019ലെ വിജയം ആവർത്തിക്കുമെന്നും യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. രാഷ്ട്രീയത്തിനതീതമായ വോട്ടുകൾ അബ്ദുൽ സമദ് സമദാനിക്ക് വീഴുമെന്ന പ്രതീക്ഷയും യു.ഡി.എഫിനുണ്ട്. എൻ.ഡി.എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ പ്രചാരണരംഗത്ത് സജീവമാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ 7419 വോട്ടുകളാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥി നേടിയത്. പൊന്നാനി അഴിമുഖം മുതൽ, തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് വരെ ജില്ലയിലെ ഏറ്റവും വലിയ കടൽ തീരമുൾക്കൊള്ളുന്ന പൊന്നാനിയിൽ കടൽഭിത്തിയുടെ അഭാവവും, കോൾ മേഖലയിലെ മാന്ദ്യവുമാണ് തെരഞ്ഞെടുപ്പ് വേദികളിൽ പ്രധാനമായും ചർച്ചയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.