പൊന്നാനി: കായകല്പ് അവാര്‍ഡ് നിറവിൽ പൊന്നാനി മാതൃ- ശിശു ആശുപത്രിയും ബിയ്യം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററും. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്കരിച്ച കായകല്‍പ്പ് അവാർഡിനാണ് പൊന്നാനി മാതൃ ശിശു ആശുപത്രിയും ബിയ്യം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററും അർഹരായത്.
ജില്ലതല ആശുപത്രികളില്‍ 91.75 ശതമാനം മാര്‍ക്ക് നേടിയാണ് പൊന്നാനി മാതൃശിശു ആശുപത്രി ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായത്. കൂടാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ ആശുപത്രിക്കുള്ള 10 ലക്ഷം രൂപയുടെ അവാർഡും മാതൃശിശു ആശുപത്രിക്ക് ലഭിച്ചു. ഇത് രണ്ടാം തവണയാണ് പൊന്നാനി മാതൃശിശു ആശുപത്രി കാൽകൽപ്പ് അവാർഡിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തുന്നത്. 2019-20ലാണ് ആദ്യമായി അവാർഡ് ലഭിച്ചത്.
ഒന്നാം സ്ഥാനം നേടിയ ആശുപത്രിക്ക് തുടർന്നുള്ള മൂന്ന് വർഷം മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ അസസ്മെൻറിൽ ആശുപത്രി മുന്നിട്ട് നിൽക്കുകയും ചെയ്തു.
നഗരാരോഗ്യ കേന്ദ്രത്തിനുള്ള കമൻഡേഷൻ അവാർഡ് അരലക്ഷം രൂപ ബിയ്യം അർബൺ ഹെൽത്ത് സെൻററിനും ലഭിച്ചു. 92.91 ശതമാനം മാർക്ക് നേടിയാണ് അവാർഡിന് അർഹത നേടിയത്. ആശുപത്രികളില്‍ ജില്ലതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.