പൊന്നാനി: പൊന്നാനി നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തെച്ചൊല്ലി നിലനിന്ന സി.പി.എം - സി.പി.ഐ തർക്കത്തിന് പരിഹാരമായി. വികസന സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ സി.പി.ഐ തീരുമാനിച്ചതോടെയാണ് മാസങ്ങളായി നിലനിന്ന പ്രശ്നം തീർന്നത്.
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ അവസാന രണ്ടുവർഷം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സി.പി.ഐക്ക് നൽകാനും ധാരണയായി. സി.പി.എം -സി.പി.ഐ നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. 13ന് മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.ഐയിലെ സമീറ ഇളയേടത്തും പൊന്നാനിയിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തുനിന്ന് സി.പി.എമ്മിലെ എം. ആബിദയും രാജിവെക്കും.
പൊന്നാനിയിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നൽകണമെന്ന നിലപാടിൽ സി.പി.ഐ ഉറച്ചുനിന്നതോടെയാണ് നേരത്തേ ചർച്ചകൾ വഴിമുട്ടിയത്. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തിരികെ നൽകണമെങ്കിൽ പൊന്നാനിയിൽ നേരത്തേ തീരുമാനിച്ച പ്രകാരം ആരോഗ്യ സ്ഥിരം സമിതി വിട്ടുനൽകണമെന്ന നിലപാടിലായിരുന്നു സി.പി.ഐ. പലതവണ ചർച്ച നടന്നതിനൊടുവിലാണ് സമവായമെന്ന നിലയിൽ മാറഞ്ചേരിയിൽ അവസാന രണ്ടുവർഷം സ്ഥിരംസമിതി അധ്യക്ഷ സ്ഥാനംകൂടി നൽകാമെന്ന തീരുമാനത്തിലെത്തിയത്.
രണ്ടുവർഷം മുമ്പ് ഭരണസമിതി രൂപവത്കരണ സമയത്ത് പൊന്നാനിയിൽ വൈസ് പ്രസിഡന്റ് സ്ഥാനമോ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനമോ നൽകണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും വികസന സ്ഥിരം സമിതി നൽകാമെന്ന് സി.പി.എം നിലപാടെടുത്തതോടെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം വേണ്ടെന്ന നിലപാടാണ് അന്ന് സി.പി.ഐ സ്വീകരിച്ചത്. ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മാറഞ്ചേരിയിൽ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം നൽകിയാൽ പൊന്നാനിയിൽ വികസന സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന സി.പി.ഐ നിർദേശം അംഗീകരിച്ചതോടെയാണ് പരിഹാരമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.