പൊന്നാനി: പൊന്നാനി നിളയോര പാതയിലെ കൈയേറ്റം കണ്ടെത്താൻ ദൗത്യ സംഘത്തിന്റെ രണ്ടാംഘട്ട പരിശോധന തുടങ്ങി. ബുധനാഴ്ച രാവിലെ മുതൽ ഉച്ച വരെയാണ് 14 അംഗ ദൗത്യസംഘം പുഴയോരത്ത് സർവേ നടത്തിയത്. ഈ ഭാഗത്ത് വീടുകളുൾപ്പെടെ 51 കൈയേറ്റമാണ് കണ്ടെത്തിയത്. കൈവശരേഖയുള്ളതും ഇല്ലാത്തതും ഉൾപ്പെടെയാണിത്. നിളയോര പാതയിലെ ഒരു കിലോമീറ്റർ ഭാഗത്താണ് സർവേ നടത്തിയത്.
പൊന്നാനി തഹസിൽദാർ കെ.ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് സർവേ നടപടി പുരോമിക്കുന്നത്.
ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചു പിടിക്കാനായി സർവേ നടക്കുന്നത്. കൈയേറിയ ഭൂമിയുടെ അളവും കെട്ടിട നിർമാണങ്ങളും മരങ്ങളും ഉൾപ്പെടെ വിവരശേഖരണമാണ് പുരോഗമിക്കുന്നത്. കൈയേറ്റം കണ്ടെത്തിയ ഭാഗങ്ങളിൽ ഭൂമി അതിർത്തി പരിശോധിച്ച് കൈയേറിയ ഭൂമിയുടെയും നിർമാണങ്ങളുടെയും അളവുകൾ കൃത്യമായി സർവേ നടത്തി രേഖപ്പെടുത്തും. ഓരോ വ്യക്തിയും കൈയേറിയിട്ടുള്ള ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും രണ്ടാംഘട്ട നടപടികളിലേക്ക് കടക്കുക.
ഡെപ്യൂട്ടി തഹസിൽദാർമാരായ എ.കെ. പ്രവീൺ, പി.കെ. സുരേഷ്, വി.വി. ശിവദാസൻ, ടി. സുജിത്, താലൂക്ക് സർവേയർ നാരായണൻ കുട്ടി, വില്ലേജ് ഓഫിസർമാരായ എൻ. പ്രദീപ് കുമാർ, ദീപുരാജ്, വില്ലേജ് ഓഫിസ് ജീവനക്കാർ ഉൾപ്പെടെയുള്ള സംഘമാണ് പുഴയോരത്ത് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.