പൊന്നാനി: പൊന്നാനിയിലെ ദേശീയ, സംസ്ഥാന പാതകളുടെ തകർച്ചക്ക് പുറമെ പ്രാദേശിക റോഡുകളും തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. പി. നന്ദകുമാർ എം.എൽ.എയുടെ ക്യാമ്പ് ഓഫിസിന് മുന്നിലെ റോഡ് പോലും തകർന്ന് തരിപ്പണമായ നിലയിലാണ്. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞത് അപകടഭീഷണിയാണ്. രാത്രിയിൽ ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടത്തിൽപെടുന്നത് പതിവാണ്. എം.എൽ.എ ഓഫിസ് റോഡ് പോലും പുനർനിർമിക്കാൻ നഗരസഭ തയാറാവാത്തതിൽ പ്രതിഷേധം ശക്തമാണ്. പൊന്നാനിയിലെ ഏക സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയമായ തൃക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തൃക്കാവ് അമ്പലം എന്നിവിടങ്ങളിലേക്കുള്ള റോഡ് കൂടിയാണിത്.
പൊന്നാനിയിലെ പെയിൻ ആൻഡ് പാലിയേറ്റിവ് ഓഫിസും ഇവിടെയാണ്. പ്രാദേശിക റോഡുകളുടെ അറ്റകുറ്റപ്പണിക്കായി നഗരസഭ ബജറ്റിലെ തുക വെട്ടിക്കുറച്ചതിൽ ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ കൗൺസിലർമാർ പലതവണ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എം.എൽ.എയുടെ ക്യാമ്പ് ഓഫിസിന് മുന്നിലെ നഗരസഭ റോഡ് തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ റോഡിൽ ചൂണ്ടയിട്ട് യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം. റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ തയാറാവാത്തത് എം.എൽ.എയുടെ പിടിപ്പുകേട് മൂലമാണെന്നും എം.എൽ.എയും നഗരസഭ ചെയർമാനും റബർ സ്റ്റാമ്പുകളായി മാറിയെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കുറ്റപ്പെടുത്തി. അനുപമ മുരളീധരൻ, ആയിഷ അബ്ദു, ഷബ്ന ആസ്മി, മിനി ജയപ്രകാശ്, റാഷിദ് നാലകത്ത്, കെ.എം. ഇസ്മായിൽ, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.