പൊന്നാനി: താലൂക്ക് ആശുപത്രി കെട്ടിടനിർമാണം ഡിസംബറിൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചിട്ടും രക്ഷയില്ല. കെട്ടിടത്തിന്റെ സാങ്കേതികാനുമതി നൽകാൻ വൈകുന്നതിനാൽ കെട്ടിട നിർമാണത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. പഴയ കെട്ടിടം പൊളിച്ചുനീക്കി വർഷം ഒന്ന് പിന്നിട്ടിട്ടും പുതിയ കെട്ടിട നിർമാണത്തിനായുള്ള സാങ്കേതികാനുമതിക്കായുള്ള കാത്തിരിപ്പാണ് അനന്തമായി തുടരുന്നത്. ആശുപത്രിയിലെ കാലപ്പഴക്കമേറിയ കെട്ടിടം മാസങ്ങൾക്ക് മുമ്പ് തന്നെ പൊളിച്ചുനീക്കിയിരുന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13 കോടി രൂപ ചെലവിലാണ് പുതിയ ആശുപത്രി കെട്ടിടം നിർമിക്കുക. പദ്ധതിക്കായി ആദ്യം ഭരണാനുമതി ലഭിച്ചിരുന്നുവെങ്കിലും പിന്നീട് എസ്റ്റിമേറ്റ് തുകയിൽ മാറ്റം വരുത്തി. സാമ്പത്തികാനുമതിയും ലഭ്യമായി. എന്നാൽ സാങ്കേതികാനുമതി നീണ്ട് പോവുകയാണ്. ആശുപത്രിയുടെ വടക്ക് ഭാഗത്തെ പഴയ പുരുഷ വാർഡാണ് പൊളിച്ചുനീക്കിയത്. പൊളിക്കാനുള്ള സാങ്കേതിക തടസ്സങ്ങൾ മറികടന്നതോടെയാണ് പഴയ കെട്ടിടം പൊളിച്ചുമാറ്റിയത്. നേരത്തെ കെട്ടിടം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ നീണ്ടുപോയതിനെത്തുടർന്ന് കിഫ്ബിയിൽ നിന്ന് അനുവദിച്ച തുക പാഴാകുമെന്ന സ്ഥിതിയിലായിരുന്നു. ഇതേതുടർന്നാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കെട്ടിടം പൊളിച്ചത്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 13 കോടി ചെലവിൽ നാല് നിലകളിലാണ് പുതിയ ബ്ലോക്ക് നിർമിക്കുന്നത്. താഴത്തെ നിലയിൽ കാഷ്വാലിറ്റി, ട്രോമാകെയർ, ഒബ്സെർവേഷൻ വാർഡ്, എമർജൻസി ഡിപ്പാർട്ട്മെന്റ് എന്നിവയും മുകളിലത്തെ നിലകളിലായി ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ, ദന്തൽ ഡിപ്പാർട്ട്മെന്റ്, എക്സ്- റേ യൂനിറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടം വരുന്നതോടെ ആശുപത്രിയിലെ പരിമിതികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.