പൊന്നാനി: പൊന്നാനിയെ ഭീതിയിലാക്കി വ്യാജ ബോംബ് ഭീഷണി. ബോംബ് വെച്ചെന്ന സന്ദേശം നൽകിയ അന്തർസംസ്ഥാന തൊഴിലാളിയായ ബംഗാൾ സ്വദേശി തപാൽ മണ്ഡൽ അറസ്റ്റിൽ.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ വന്നത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ കനറ ബാങ്ക് ശാഖയിൽ ബോംബ് വെച്ചതായും ഉച്ചക്ക് രണ്ടിന് ബോംബ് പൊട്ടും എന്ന തരത്തിലായിരുന്നു സന്ദേശം. ഇതോടെ സി.ഐ വിനോദ് വലിയാട്ടൂരിെൻറ നേതൃത്വത്തിൽ പൊലീസ് ബാങ്കിലേക്കെത്തി. വിവരം ബാങ്ക് അധികൃതരെ അറിയിക്കുകയും ബാങ്കിലെ ഇടപാടുകാരെ മുഴുവൻ പുറത്തിറക്കുകയും ചെയ്തു. ഇതിനിടെ ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനേയും അറിയിച്ചതിനെത്തുടർന്ന് സംഘം സ്ഥലത്തെത്തി. സമാന്തരമായി കോൾ വന്ന നമ്പർ തിരിച്ചറിയാനായി സൈബർ സെല്ലിനേയും ബന്ധപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തപാൽ മണ്ഡലാണ് വ്യാജ സന്ദേശത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മണിക്കൂറുകളോളം ബാങ്കിനകത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തൊഴിലാളിയെ ചോദ്യം ചെയ്തപ്പോൾ, കോവിഡ് നിയമം ലംഘിച്ചതിന് പൊലീസ് പിഴ ചുമത്തിയതിെൻറ പ്രതികാരമായാണ് താൻ ഫോൺ ചെയ്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ലഹരിയുടെ ആസക്തിയിലാണ് ഇയാൾ കൃത്യം നടത്തിയതെന്നും ഭീഷണി വ്യാജമായിരുന്നെന്നും കേസ് രജിസ്റ്റർ ചെയ്തതായും പൊന്നാനി പൊലീസ് അറിയിച്ചു. നാടിനെയാകെ മുൾമുനയിൽ നിർത്തിയ ബോംബ് ഭീഷണി വ്യാജമാണെന്ന് മണിക്കൂറുകൾക്കുശേഷം അറിഞ്ഞതോടെയാണ് നാട്ടുകാരുടെ ശ്വാസം നേരെ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.