പൊന്നാനി: ഇടവേളക്ക് ശേഷം പൊന്നാനിയിൽ കടകൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. വെള്ളിയാഴ്ച പുലർച്ചെ പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ വിവിധ കടകളിലാണ് മോഷ്ടാവ് കയറിയത്. ബേബി ഹോം, മാക്സ് വെഡിങ് സ്റ്റുഡിയോ, പി.വി.എം ഫ്രൂട്സ് ഷോപ്പ്, ഇലക്ട്രോ സോണിക്, നൈസ് ബട്ടൻസ് തുടങ്ങി പതിനൊന്ന് കടകളിലാണ് മോഷണവും, മോഷണ ശ്രമവും നടന്നത്. മാക്സ് വെഡിങ് സ്റ്റുഡിയോയുടെ പൂട്ട് തകർത്ത് ഷട്ടർ ഉയർത്തി ഡോറിലെ ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മേശയിൽ സൂക്ഷിച്ച 5000 രൂപ കർവന്നിട്ടുണ്ട്. തൊട്ടടുത്ത മാറ്റൊരു കടയിൽനിന്ന് 6000 രൂപയും കവർന്നു. ഇലക്ട്രോ സോണിക് കടയിൽനിന്ന് 12000 രൂപ വില പിടിപ്പുള്ള സാറ്റ് ലൈറ്റ് സിഗ്നൽ അളക്കുന്ന ഉപകരണവും മോഷണം പോയി.
കൂടാതെ തെട്ടെടുത്ത കടകളിലും മോഷ്ടാവ് കയറിയിട്ടുണ്ട്. രണ്ടിടങ്ങളിലെ സി.സി.ടി.വിയുടെ ഡി.വി.ആറും മോഷ്ടാവ് കൊണ്ടുപോയി. പൊന്നാനി നഗരത്തിൽ കഴിഞ്ഞ മാസം മൂന്നിടങ്ങളിൽ സമാന രീതിയിൽ മോഷണം നടന്നിരുന്നു. കൊല്ലൻപടിയിലും, ബിയ്യത്തിലും ഒരേസമയം നിരവധി ഷോപ്പുകളിൽ മോഷണം നടക്കുകയും, കർമ റോഡിലെ വഴിയോര കച്ചവട കേന്ദ്രങ്ങളിൽ തുടർമോഷണങ്ങൾ നടക്കുകയും ചെയ്തിരുന്നു. മോഷ്ടാവിനായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ വീണ്ടും മോഷണമുണ്ടായത്. കടക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊന്നാനി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പൊന്നാനി: നഗരസഭയുടെ വിവിധയിടങ്ങളിൽ മോഷണ പരമ്പര പതിവായിട്ടും തുടർമോഷണം അരങ്ങേറിയിട്ടും മോഷ്ടാക്കളെ പിടികൂടാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. മോഷ്ടാക്കളെ പിടികൂടാൻ വൈകുന്നതിനിടെ കഴിഞ്ഞ ദിവസവും പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ 11 കടകളിൽ മോഷണം നടന്നു. ഷട്ടറുകളുടെ പൂട്ട് കുത്തി പൊട്ടിച്ചും, ഗ്ലാസ് പൊട്ടിച്ചും കടകളിലേക്ക് കടക്കുന്നതാണ് ഇവരുടെ പതിവ് രീതി. ഒറ്റ രാത്രിയിൽ നിരവധി കടകളിൽ മോഷണം നടത്തുന്ന ശൈലിയാണ് പൊന്നാനിയിൽ പതിവായത്.
കടകളിൽനിന്ന് പണമാണ് പ്രധാനമായും അപഹരിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് സാധിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കടകൾ കുത്തിത്തുറക്കുന്ന മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ട് പോലും തുടർമോഷണം നടക്കുന്നത് പൊലീസിന്റെ നിഷ് ക്രിയത്വം കൊണ്ടാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം. സമാനമായ രീതിയിലാണ് എല്ലാ കടകളും കുത്തിത്തുറന്ന് മോഷണം നടത്തിയത്. പൊലീസ് പട്രോളിങ് നടക്കുന്നതിനിടെയാണ് നേരത്തെ പുഴമ്പ്രം, ബിയ്യം മേഖലകളിൽ മോഷണം നടന്നത്. റമദാനിൽ പുലർച്ചെവരെ നാട്ടുകാർ റോഡരികിൽ ഉണ്ടാകുമെന്നതിനാൽ റമദാനിൽ മോഷണം വിരളമാണ്. എന്നാൽ ഇതുപോലും ഗൗനിക്കാതെയാണ് മോഷ്ടാക്കളുടെ വിളയാട്ടം. വ്യാപാരികളെയും നാട്ടുകാരെയും ഭയത്തിലാക്കിയ മോഷ്ടാക്കളെ പിടികൂടാൻ സാധിക്കാത്തത് പൊലീസിന്റെ പിടിപ്പു കേടാണെന്ന പരാതിയും വ്യാപകമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.