പൊന്നാനി: കടലൊന്ന് ശാന്തമാകുമ്പോൾ പ്രതീക്ഷയുടെ തുഴയെറിഞ്ഞ് കടലിലിറങ്ങിയപ്പോഴെല്ലാം മത്സ്യലഭ്യത കുറഞ്ഞതിനാൽ വെറുംകൈയോടെ തിരിച്ചുവരവ്. തൊഴിലാളികളെയും ബോട്ടുടമകളെയും വലച്ച് സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളും ഫിഷറീസ് വകുപ്പ് അധികൃതരുടെ പ്രതികാര നടപടികളും. കടം വാങ്ങിയും ലോണെടുത്തും കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നിരാശ മാത്രം സമ്മാനിച്ച ഒരു സീസൺ കൂടി അവസാനിച്ചു.
ഇനി ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. മത്സ്യങ്ങളുടെ പ്രജനകാലം കണക്കിലെടുത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ഏർപ്പെടുത്തിയത്. ഈ സമയത്ത് കരയിൽനിന്നും 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ ട്രോളിങ് നടത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. ട്രോളിങ് നിരോധന കാലത്ത് തീരക്കടലിൽ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങൾക്ക് നിരോധനമില്ല. 4000ത്തോളം ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്കു മീന്‍ പിടിക്കാന്‍ പോകുന്ന ബോട്ടുകൾക്കും ഈ നിരോധനം ബാധകമാണ്. പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്ക് എന്നാൽ നിരോധനം തടസ്സമല്ല.
ജൂൺ 10 മുതൽ 52 ദിവസം പട്ടിണിയുടെയും പരിവട്ടത്തിന്റെയും ദിനങ്ങളാണ്. 10 മാസത്തെ സീസണിൽ ഈ വർഷം ആകെ കടലിലിറങ്ങാനായത് വെറും നാലഞ്ച് മാസം മാത്രം. ദുരിതങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ കാലയളവിൽ മത്സ്യമേഖല അഭിമുഖീകരിച്ചത്. കടലാക്രമണവും കാലാവസ്ഥ മുന്നറിയിപ്പും മത്സ്യലഭ്യതക്കുറവും മൂലം തീരം നേരത്തെ തന്നെ പട്ടിണിയിലേക്ക് നീങ്ങിയിരുന്നു.
ട്രോളിങ് നിരോധന കാലയളവിന് മുമ്പ് തന്നെ മഴ ശക്തമായതിനാൽ ആഴ്ചകളായി മത്സ്യബന്ധന യാനങ്ങൾ കരക്കിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപണികളുടെ കാലമാണ്. ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ മാത്രമാണ് ലഭിക്കുന്നത്. ആശ്വാസ ധനസഹായം കൂടി ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇതരസംസ്ഥാന ബോട്ടുകള്‍ തീരംവിട്ട് പോയെന്ന് ഉറപ്പാക്കായിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.