പൊന്നാനി: പുളിക്കക്കടവ് തൂക്കുപാലവും പദ്ധതി പ്രദേശവും നഗരസഭക്ക് കൈമാറാൻ ടൂറിസം പ്രമോഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. ഇതോടെ തൂക്കുപാലത്തിന്റെ കാലങ്ങളായുള്ള തകർച്ചക്ക് പരിഹാരമായേക്കും. ഉടമസ്ഥാവകാശത്തെച്ചൊല്ലി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും പൊന്നാനി നഗരസഭയും വർഷങ്ങളായി തുടരുന്ന തർക്കത്തിനാണ് ഒടുവിൽ പരിഹാരം കണ്ടത്.
പുളിക്കക്കടവ് തൂക്കു പാലവും പദ്ധതി പ്രദേശവും ഡി.ടി.പി.സിക്ക് കീഴിലായിരുന്നെങ്കിലും പാലത്തിന്റെ തകർച്ച പരിഹരിക്കാനും പ്രദേശത്ത് ടൂറിസം പദ്ധതികൾ നടപ്പാക്കാനും ടൂറിസം പ്രമോഷൻ കൗൺസിൽ താൽപര്യമെടുത്തിരുന്നില്ല. നഗരസഭ അറ്റകുറ്റപ്പണികൾ നടത്തണമെന്ന നിർദേശത്തെത്തുടർന്നാണ് വൈകിയത്. പദ്ധതി പ്രദേശം വിട്ടുകിട്ടിയാൽ പാലം പുനർനിർമാണമുൾപ്പെടെ നടത്താമെന്നായിരുന്നു നഗരസഭയുടെ തീരുമാനം.പാലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയുടെ നേതൃത്വത്തിലുൾപ്പെടെ യോഗം ചേർന്നിരുന്നെങ്കിലും പദ്ധതി പ്രദേശം വിട്ടു നൽകുന്നത് നീളുകയായിരുന്നു. ഇതിനിടെ അപകടാവസ്ഥയിലായ പാലം ഡി.ടി.പി.സി അടക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിനുമിടയാക്കി.
പാലം വിട്ടുകിട്ടിയതോടെ അറ്റകുറ്റപ്പണികൾ നഗരസഭക്ക് നേരിട്ട് നടപ്പാക്കാനാകും. കൂടാതെ, ബിയ്യം പുളിക്കക്കടവിൽ പുതിയ ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിക്കാനാണ് തീരുമാനം. ജില്ല ടൂറിസം വകുപ്പ് പൊന്നാനി നഗരസഭക്ക് വിട്ടു നൽകിയ പ്രദേശത്ത് അമ്യൂസ്മെന്റ് പാർക്ക്, വാട്ടർ തീം പാർക്ക്, വാട്ടർ സ്പോർട്സ്, സ്വിമ്മിങ് പൂൾ എന്നിവ നിർമിക്കാനും പവലിയൻ നവീകരിക്കാനും നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. പ്രാദേശിക ടൂറിസം രംഗത്ത് വലിയ മുന്നേറ്റത്തിന് ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ ഭാരതപ്പുഴയിൽ ടൂറിസം ബോട്ടുകളിൽ സഞ്ചരിക്കാൻ ദിനം പ്രതി ആയിരങ്ങൾ പൊന്നാനിയിലെത്തിയിരുന്നു. ടൂറിസം രംഗത്തെ സാധ്യതകൾ മുന്നിൽ കണ്ടാണ് കൂടുതൽ പദ്ധതികൾ തയാറാക്കാൻ നഗരസഭ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അമൃത് പദ്ധതി പ്രോജക്ട് എൻജിനീയർ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.