പൊന്നാനി (മലപ്പുറം): നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിലുണ്ടായ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ അച്ചടക്ക നടപടി നേരിട്ട ടി.എം. സിദ്ദീഖ് ഏരിയ കമ്മിറ്റിയിലേക്ക്. ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്ന സിദ്ദീഖിനെ നേരത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
എന്നാൽ നിലവിലെ ഏരിയ സെക്രട്ടറി പി.കെ. ഖലീമുദ്ദീൻ ജില്ല സെക്രട്ടറിയേറ്റ് അംഗമാവുകയും, ഏരിയ കമ്മിറ്റിയിൽനിന്ന് രണ്ടുപേർ രാജി വെക്കുകയും ചെയ്ത സാഹചര്യത്തിലും, നടപടിയിൽ ഇളവ് നൽകണമെന്ന തീരുമാനത്തിലുമാണ് സിദ്ദീഖിനെ ഏരിയ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തുന്നത്. ഈ മാസം 29ന് നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് ഇക്കാര്യം റിപ്പോർട്ട് ചെയ്യും.
ടി.എം. സിദ്ദീഖിനെ കൂടാതെ പെരിന്തൽമണ്ണയിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്ന വി. ശശികുമാറിനെതിരെയും സി. രവീന്ദ്രനെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതിൽ ടി.എം. സിദ്ദീഖ് ഒഴികെയുള്ളവർ കഴിഞ്ഞ ജില്ല സമ്മേളനത്തിൽ കമ്മിറ്റിയിലേക്ക് തിരിച്ചെത്തി. ശശികുമാർ വീണ്ടും സെക്രട്ടറിയേറ്റ് അംഗമാവുകയും ചെയ്തു. സിദ്ദീഖിന്‍റെ കാര്യത്തിൽ ഇപ്പോഴാണ് തീരുമാനമുണ്ടായത്.
സിദ്ദീഖിനെതിരായ നടപടിയുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ പ്രത്യക്ഷ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രകടനം നടക്കുകയും രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ രാജിവെക്കുകയും ചെയ്തിരുന്നു. സിദ്ദീഖിന്‍റെ കാര്യത്തിൽ തീരുമാനം വൈകാൻ ഇതൊക്കെ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
പുതുതായി തെരഞ്ഞെടുത്ത 19 അംഗ ഏരിയ കമ്മിറ്റിയിൽ 17 പേരാണ് ഇപ്പോഴുള്ളത്. സിദ്ദീഖിനെ തിരിച്ചെടുക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് പി.എം. ആറ്റുണ്ണി തങ്ങൾ, എൻ.കെ. സൈനുദ്ധീൻ എന്നിവർ രാജിവെച്ചിരുന്നു. ഇവരിപ്പോൾ വെളിയങ്കോട് ലോക്കൽ കമ്മിറ്റിയിലാണുള്ളത്.
സിദ്ദീഖ് എത്തുന്നതോടെ ഏരിയ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 18 ആകും. നിലവിലെ ഏരിയ സെക്രട്ടറി പി.കെ. ഖലീമുദ്ദീൻ ജില്ല സെക്രട്ടറിയേറ്റംഗമായി തെരഞ്ഞെടുത്തതോടെ പുതിയ ഏരിയ സെക്രട്ടറിയായി സി.പി. മുഹമ്മദ് കുഞ്ഞിയാണ് പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.