പൊന്നാനി: സർക്കാർ ഉത്തരവുകൾ പാലിക്കാതെ പൊന്നാനി നഗരസഭയിൽ താൽക്കാലിക ജീവനക്കാർക്ക് പിൻവാതിൽ നിയമനമെന്നാരോപിച്ച് കൗൺസിൽ യോഗം യു.ഡി.എഫ് കൗൺസിലർമാർ തടസപ്പെടുത്തി. നഗരസഭ കൗൺസിൽ അജണ്ടയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു. .
ഡ്രൈവർ, ചെയർമാൻ പേഴ്സണൽ അസി. , ഡാറ്റ എൻട്രി, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയടക്കം ഏഴ് നിയമനങ്ങൾക്കാണ് നഗരസഭ ഭരണസമിതി തീരുമാനമെടുത്തത്. നിയമനങ്ങൾ സാധൂകരിക്കാൻ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനുള്ള അജണ്ടയിലായിരുന്നു യു.ഡി.എഫ് പ്രതിഷേധം അരങ്ങേറിയത്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം നടത്താതെ പിൻവാതിൽ നിയമനം നടത്തുന്നുവെന്നാരോപിച്ചാണ് കൗൺസിൽ ബഹളമയമായതും ഒടുവിൽ പ്രതിപക്ഷം ബഹിഷ്കരിക്കുകയും ചെയ്തത്.
നേരത്തെ നടന്ന നിയമനത്തിൽ കോടതിയിൽ കേസ് നിലനിൽക്കെ വീണ്ടും ഇത്തരം നീക്കവുമായി മുന്നോട്ട് പോകുന്നത് ജനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും കൗൺസിൽ തീരുമാനം പോലുമില്ലാതെയാണ് താൽക്കാലിക നിയമനം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. എംപ്ലോയ്മെൻറ് ലിസ്റ്റ് പരിഗണിക്കാതെയുള്ള നിയമനത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടാനാണ് യു.ഡി.എഫ് തീരുമാനം. ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, മിനി ജയപ്രകാശ്, ആയിഷ അബ്ദു, കെ. ഇസ്മായിൽ, റാഷിദ് നാലകത്ത്, ശ്രീകല ചന്ദ്രൻ, എം.പി. ഷബീറാബി, ശബ്ന ആസ്മി, പ്രിയങ്ക വേലായുധൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
എന്നാൽ അജണ്ട പോലും പഠിക്കാതെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നതെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
നിയമാനുസൃതവും, സുതാര്യവുമായാണ് നിയമനം നടത്തിയതെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.