പൊന്നാനി: നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച റോഡ് ഉപരോധിക്കും. ചമ്രവട്ടം ജങ്ഷനിലെ പൊന്നാനി റോഡാണ് വ്യാപാരികൾ ഉപരോധിക്കുക. പൊടി ശല്യം മൂലം സ്വൈര്യമായി കച്ചവടം ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശത്തെ വ്യാപാരികൾ. പ്രായമായവരും രോഗികളും പൊന്നാനി നഗരസഭയിലൂടെ ഒരിക്കൽ യാത്ര ചെയ്താൽ നിർബന്ധമായും ആശുപത്രിയിൽ പോകേണ്ട അവസ്ഥയാണുള്ളത്.
നഗരസഭ ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചാൽ അൽപം ക്വാറി മാലിന്യം കൊണ്ട് റോഡിലെ കുഴിയടക്കാൻ ശ്രമിക്കുകയും ഒറ്റ മഴയിൽത്തന്നെ ഇത് ഒലിച്ചു പോയി റോഡ് പൂർവസ്ഥിതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്. കോടതിപ്പടി മുതൽ പൊന്നാനി താലൂക്ക് ആശുപത്രി വരെയും ചന്തപ്പടി മുതൽ എ.വി ഹൈസ്കൂൾ വരെയും യാത്ര ദുരിതമാണ്.
നഗരസഭയുടെയും ഉദ്യോഗസ്ഥരുടെയും ഈ അനാസ്ഥക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി ഈഴുവത്തിരുത്തി കമ്മിറ്റിയാണ് ചമ്രവട്ടം ജങ്ഷനിലെ റോഡ് ഉപരോധിച്ച് സമരം നടത്തുകയെന്ന് വ്യാപാരികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ഏകോപന സമിതി ഈഴുവത്തിരുത്തി പ്രസിഡന്റ് അഡ്വ. കെ.പി. അബ്ദുൽ ജബ്ബാർ, ലാഹുൽ അമീൻ, മർവ റഷീദ്, റഫീഖ് അക്രം എന്നിവർ പങ്കെടുത്തു.
ചങ്ങരംകുളം: ജൽ ജീവൻ പദ്ധതിക്കായി ചങ്ങരംകുളം അങ്ങാടിക്കു നടുവിലൂടെ റോഡ് പൊളിച്ച ഭാഗങ്ങളിൽ പലയിടത്തും കുഴി രൂപപ്പെട്ടത് ദുരിതമാകുന്നു.
ചില ഭാഗങ്ങളിൽ വലിയ കുഴി യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തുന്നു. മഴപെയ്തതോടെ ദുരിതം ഏറുകയാണ്. ഏറെ തിരക്കേറിയതും വീതി കുറഞ്ഞതുമായ നന്നംമുക്ക് റോഡിലേക്ക് കടക്കുന്ന ഭാഗത്താണ് ഈ കുഴിയുള്ളത്. പല വാഹനങ്ങളും കാൽനടയാത്രക്കാരും അബദ്ധത്തിൽ ഈ കുഴിയിൽ ചാടുന്നത് പതിവാണ്. എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.