പൊന്നാനി: മാനസികവിഭ്രാന്തിമൂലം പൊന്നാനിയുടെ തെരുവിൽ അലഞ്ഞുനടന്നിരുന്ന ഒരാൾകൂടി ഹാപ്പിനസ് സെന്ററിന്റെ തണലിൽ നാട്ടിലേക്ക് തിരിച്ചു. പശ്ചിമബംഗാളിലെ ഉത്തർ ദിനഞ്ച്പുർ സ്വദേശിയായ സൈനിക് സോറൻ മൂന്നുമാസം മുമ്പാണ് ഹാപ്പിനസ് സെന്ററിന്റെ സ്നേഹത്തണലിലേക്കെത്തിയത്. മരുന്നിനോടും ചികിത്സയോടും സഹകരിച്ച സൈനിക് അതിവേഗമാണ് സാധാരണ ജീവിതത്തിലേക്കെത്തിയത്. സെന്ററിലെ സഹായിയുടെ റോളിലേക്ക് മാറിയ സൈനിക് ചെവ്വാഴ്ചയാണ് ജന്മനാട്ടിലേക്ക് വണ്ടി കയറിയത്.
ദിനഞ്ച്പുറിൽ നിർമാണ തൊഴിലാളിയായ സൈനിക് ഒരുവർഷം മുമ്പാണ് നാടുവിട്ട് നടത്തം തുടങ്ങിയത്. പലയിടങ്ങളിലായി അലഞ്ഞ് പൊന്നാനിയിലെത്തി. ഹാപ്പിനസ് സെന്റർ പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടതോടെ അവർക്കൊപ്പം പോകാൻ തയാറായി. നാട്ടിൽ ബന്ധുക്കളാരുമില്ലാത്ത സൈനികിന് നിർമാണ കമ്പനി ഉടമയെ മാത്രമാണ് വിശ്വാസം. ഹാപ്പിനസ് സെന്ററിന്റെ ടെക്നിക്കൽ പാർട്ണർമാരായ ദി ബാനിയന്റെ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഉടമയെ കണ്ടെത്തി. ഇയാളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് ഹാപ്പിനസ് സെന്ററിലെ ജിഷ്ണുവിനും നമിതക്കുമൊപ്പം സൈനിക് യാത്ര പുറപ്പെട്ടിരിക്കുന്നത്. സൈനിക്കിന്റെ തുടർ ചികിത്സയും പുനരധിവാസ സൗകര്യങ്ങളും ദിനഞ്ച്പുരിൽ ഒരുക്കും.
പൊന്നാനി തൃക്കാവിലെ ഹാപ്പിനസ് സെന്ററിന്റെ കരുതലിൽ ജന്മനാടണയുന്ന മൂന്നാമത്തെ അന്തർ സംസ്ഥാനക്കാരനാണ് സൈനിക് സോറൻ. നേരേത്ത പൊന്നാനിയിൽ അലഞ്ഞുനടന്നിരുന്ന ഒഡിഷ സ്വദേശി രാജു ദഹൂലിയും ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശി ശിവകുമാറും രോഗം മാറി നാടണഞ്ഞിരുന്നു. 16 പേരെ തെരുവിലെ അലച്ചിലിൽനിന്ന് വീടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തിക്കാൻ ഹാപ്പിനസ് സെന്ററിന് സാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.