പൊന്നാനി: പൊന്നാനി ഫിഷർമെൻ ഭവന സമുച്ചയ നിർമാണത്തിനായി ഹാർബർ പ്രദേശത്തുനിന്നുള്ള മണൽ ഉപയോഗിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ട് തഹസിൽദാർ. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ തഹസിൽദാർ ഹാർബർ എൻജിനീയറിങ് വകുപ്പിനോട് നിർദേശിച്ചു.
പുനർഗേഹം പദ്ധതിയുടെ തറ നികത്താൻ മണ്ണിന് പകരം ഹാർബർ പ്രദേശത്തുനിന്നുള്ള മണൽ ഉപയോഗിക്കുന്നതിലാണ് താലൂക്ക് വികസന സമിതിയിൽ പ്രതിഷേധം ഉയർന്നത്. നേരത്തെ കോടികളുടെ മണൽ നഷ്ടമായതിന് പിറകെ ഫ്ലാറ്റ് നിർമാണത്തിനായി മണൽ ഉപയോഗിക്കുന്നതിന് ആരാണ് അനുമതി നൽകിയതെന്ന് യോഗത്തിൽ ചോദ്യമുയർന്നു.
സർക്കാറിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ് ഇത്തരത്തിലുള്ള മണലെടുപ്പെന്നും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടതോടെയാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ തഹസിൽദാർ നിർദേശിച്ചത്. താലൂക്ക് വികസന സമിതിയിൽ ജനപ്രതിനിധികൾ പങ്കെടുക്കാത്തതിലും വിമർശനമുയർന്നു. ഇടക്കിടെ ഉണ്ടാകുന്ന സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് പൊതുജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുകയാണെന്നും ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.